ഉൾക്കരുത്തിന്റെ മഹാശിൽപമെന്നു വാഴ്ത്തിയ യുസിയിലെ ‘മഹാഗണിതം’ ; പെരിയാറിൽ നിന്നു 120 വർഷം മുൻപു ശേഖരിച്ച മണലിൽ...

Mail This Article
ആലുവ∙ യുസി കോളജ് അങ്കണത്തിൽ മിന്നലേറ്റു വീണ മഹാഗണി മരത്തിന്റെ സ്ഥാനത്തു 17 വർഷം മുൻപു നിർമിച്ച മഹാഗണിതം ശിൽപം കോളജ് ശതാബ്ദിയോട് അനുബന്ധിച്ചു പുനർനിർമിക്കുന്നു. രണ്ടാഴ്ച മുൻപു തുടങ്ങിയ പണി 31നുള്ളിൽ പൂർത്തിയാകും. ആദ്യ ശിൽപം നിർമിച്ച പൂർവ വിദ്യാർഥി മരപ്രഭു രാമചന്ദ്രൻ തന്നെയാണു പുനർ നിർമാണവും നടത്തുന്നത്. അദ്ദേഹത്തെ സഹായിക്കാൻ 18 കലാകാരന്മാരുണ്ട്. കൂറ്റൻ മഹാഗണി മരങ്ങളുടെ നിഴൽ വീണ ക്യാംപസാണു യുസിയുടേത്.
85 വർഷം പഴക്കമുള്ള മരമാണു മിന്നലിൽ ചിതറിവീണത്. അതിന്റെ 30 ടൺ ഭാരമുള്ള കടക്കുറ്റിയിൽ ആവിഷ്കരിച്ച പ്രപഞ്ച ഘടനയുടെ ജ്യാമിതീയ രൂപം അനാഛാദനം ചെയ്തതു ചിത്രകാരനും ശിൽപിയുമായ എം.വി. ദേവനാണ്. ഉൾക്കരുത്തിന്റെ മഹാശിൽപമെന്നു കവി കടമ്മനിട്ട രാമകൃഷ്ണൻ വാഴ്ത്തിയ ‘മഹാഗണിതം’ രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൽ കലാം, അമേരിക്കൻ സോഫ്റ്റ്‌വെയർ പ്രോഗ്രാമർ റിച്ചാർഡ് സ്റ്റാൾമാൻ തുടങ്ങിയവരെയും ആകർഷിച്ചു.
തടിയിൽ കൊത്തുപണികളും ലോഹ നിർമിതികളും ഉള്ളതാണു പഴയ ശിൽപം. മിന്നലേറ്റതു മൂലം തടി പെട്ടെന്നു ദ്രവിച്ചു തുടങ്ങി. ഫെറോ സിമന്റ് മിശ്രിതവും കുമ്മായ കൂട്ടുകളുമാണു പുനർ നിർമാണത്തിന് ഉപയോഗിക്കുന്നത്. പെരിയാറിൽ നിന്നു 120 വർഷം മുൻപു ശേഖരിച്ച മണലാണ് ഇതിലെ പ്രധാന ഘടകം. കോവിഡ് കാലാനന്തര കലാസൃഷ്ടിയെന്ന നിലയിൽ ഉയർത്തെഴുന്നേൽപ്പിന്റെ ഊർജഭാവം പകരുന്ന നിറവിന്യാസമാണു ശിൽപത്തിനു നൽകുകയെന്നു ശിൽപി രാമചന്ദ്രൻ പറഞ്ഞു.