വരാപ്പുഴ പള്ളി ‘മൈനർ ബസിലിക്ക’ പദവിയിലേക്ക്

Mail This Article
കൊച്ചി ∙ വരാപ്പുഴ അതിരൂപതയിൽ കർമല മാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും നാമധേയത്തിലുള്ള വരാപ്പുഴ പള്ളി ‘മൈനർ ബസിലിക്ക’ പദവിയിലേക്ക്. അതിരൂപതയിൽ വല്ലാർപാടം പള്ളിക്കു മാത്രമാണ് ഇതുവരെ ബസിലിക്ക പദവി ലഭിച്ചിട്ടുള്ളത്. അതിരൂപത മെത്രാപ്പൊലീത്ത ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആവശ്യപ്പെട്ടതു പ്രകാരം മാർപാപ്പയാണ് വരാപ്പുഴ പള്ളിയെ മൈനർ ബസിലിക്കയായി ഉയർത്തിയത്. 1659ൽ മലബാർ വികാരിയത്തായി സ്ഥാപിതമായ ദേവാലയം 1709ൽ വരാപ്പുഴ വികാരിയത്തായി പുനർനാമകരണം ചെയ്യപ്പെട്ടു. 1886ൽ അതിരൂപത ആയി ഉയർത്തി. 1673ലാണു വരാപ്പുഴ ദേവാലയം നിർമിക്കപ്പെട്ടത്. 18–ാം നൂറ്റാണ്ടു മുതൽ വരാപ്പുഴ വികാരിയത്തിന്റെ തലവന്മാരുടെ ആസ്ഥാനമായിരുന്നു വരാപ്പുഴ ദേവാലയത്തോടു ചേർന്നുള്ള കർമലീത്ത ആശ്രമം.
1904 വരെ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തമാരുടെ ഔദ്യോഗിക വസതിയും ഇതായിരുന്നു. 1904ൽ ഔദ്യോഗിക വസതി എറണാകുളത്തേക്കു മാറ്റി. അതിരൂപതയുടെ ശീർഷകം ആയി വരാപ്പുഴ എന്ന പേരു നിലനിർത്തിവരുന്നു. 1936ൽ വരാപ്പുഴ അതിരൂപത കത്തീഡ്രൽ എറണാകുളത്തേക്കു മാറ്റി മാർപാപ്പയാണ് വരെ വരാപ്പുഴയിലെ കർമല മാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും ഈ ദേവാലയമായിരുന്നു വരാപ്പുഴ അതിരൂപതയുടെ കത്തീഡ്രൽ പള്ളി. കത്തോലിക്കാ സഭയിൽ പൗരാണികതയും വിശ്വാസ പാരമ്പര്യവും പരിഗണിച്ചാണു ദേവാലയങ്ങൾക്കു ബസിലിക്ക പദവി നൽകുന്നത്. അതിരൂപത തലത്തിലുള്ള ഔദോഗിക പ്രഖ്യാപനം വൈകാതെയുണ്ടാവും.