5 സ്ക്രീനുകള്‍, 754 ഇരിപ്പിടങ്ങള്‍, മികച്ച റസ്റ്ററന്റ് സൗകര്യം; ഷേണായീസ് ഇന്നു മുതൽ സജീവമാകും
Mail This Article
കൊച്ചി∙ ഷേണായീസിലെ വെള്ളിത്തിര ഇന്നു മുതൽ വീണ്ടും സജീവമാകും. ഷേണായീസും ലിറ്റിൽ ഷേണായീസുമായി രണ്ടായിരുന്ന വെള്ളിത്തിരകൾ ഇനി അഞ്ചെണ്ണമാകും. രണ്ടു ത്രിമാന സ്ക്രീനുകളുൾപ്പെടെയാണ് 5 സ്ക്രീനുകൾ സജ്ജമാക്കിയതെന്നു മാനേജിങ് പാർട്ണർ സുരേഷ് ഷേണായ് അറിയിച്ചു. പഴയ ലിറ്റിൽ ഷേണായീസാണു പുതിയ സമുച്ചയത്തിലെ അഞ്ചാം സ്ക്രീൻ. പുറംകാഴ്ചയിലും അകക്കാഴ്ചയിലും വൃത്തരൂപം നിലനിർത്തിയാണു നവീകരണമെന്നതിനാൽ പഴയ ഷേണായീസിന്റെ ഗൃഹാതുരത ആസ്വാദകരിലെത്തും.
ഇന്നു സാജൻ ബേക്കറി, ഓപ്പറേഷൻ ജാവ, യുവം എന്നീ ചിത്രങ്ങളാകും തിരശീലയിലെത്തുക. 5 സ്ക്രീനുകളിലായി ആകെ 754 ഇരിപ്പിടങ്ങളുണ്ടാകും. പ്രീമിയം റിക്ലെയ്നർ സീറ്റുകളാണ് ഒന്നാം സ്ക്രീനിന്റെ സവിശേഷത. 68 സീറ്റുകൾ ഇവിടെയുണ്ട്. 440 രൂപയാണു ടിക്കറ്റ് നിരക്ക്. ഡോൾബി അറ്റ്മോസ് ശബ്ദവിന്യാസം പുതിയ ശ്രവ്യാനുഭവം ഉറപ്പാക്കും. ശേഷിക്കുന്ന 4 സ്ക്രീനുകളിലും 7.1 ഡോൾബി സൗണ്ട് സിസ്റ്റമാണുണ്ടാകുക. ഒന്നും മൂന്നും സ്ക്രീനുകളാണു ത്രി ഡി സിനിമകൾകൂടി പ്രദർശിപ്പിക്കാവുന്നവ. സ്ക്രീൻ 3ലാണ് ഏറ്റവുമധികം ഇരിപ്പിടങ്ങൾ–267. സ്ക്രീൻ–2ൽ 234, സ്ക്രീൻ–4ൽ 71, സ്ക്രീൻ–5ൽ 114. സ്ക്രീൻ–1 ഒഴികെയുള്ളവയിൽ ടിക്കറ്റ് നിരക്ക് 220 രൂപയും 330 രൂപയുമാണ്. 80 കാറുകൾക്കും മുന്നൂറോളം ഇരുചക്രവാഹനങ്ങൾക്കും ഒരേ സമയം പാർക്ക് ചെയ്യാം. മികച്ച റസ്റ്ററന്റ് സൗകര്യവുമുണ്ട്.