ADVERTISEMENT

കിടപ്പു’വശം നോക്കിയാൽ രസികൻ മണ്ഡലമാണ് ആലുവ. പെരിയാറിന്റെ തെക്കേ കരയിലും വടക്കേ കരയിലുമായാണു കിടപ്പ്. ജയിച്ചു കയറണമെങ്കിൽ ഇരു കരയിലും വേണം വോട്ടുറപ്പ്; ഒപ്പം അടിയൊഴുക്കുകൾ അറിഞ്ഞു നീന്തുകയും വേണം. 1957 മുതലുള്ള തിരഞ്ഞെടുപ്പു നീന്തൽപ്പോരുകളിൽ വിജയിച്ച് ആലുവാക്കര പറ്റിയവരിൽ ഏറെയും വലതുപക്ഷക്കാർ. അപൂർവമായി മാത്രമേ ആലുവയുടെ ജന മനസ്സ് ഇടതുപക്ഷത്തേക്കു പറ്റിച്ചേർന്നിട്ടുള്ളൂ. പക്ഷേ, രാഷ്ട്രീയം അനുദിനം പുതുക്കിപ്പണിയപ്പെടുന്ന കാലത്തു ചരിത്രത്തേക്കാൾ വർത്തമാന കാലത്തെക്കുറിച്ചാണു സ്ഥാനാർഥികളുടെയും മുന്നണികളുടെയും വോട്ടു ചിന്തകൾ.

2011ലെ കന്നി നിയമസഭാപ്പോരിൽ അൻവർ സാദത്തെന്ന യുവ കോൺഗ്രസ് നേതാവിന്റെ ഗംഭീര ടേക്ക് ഓഫായിരുന്നു ആലുവക്കാർ കണ്ടത്. മിന്നും ജയത്തോടെ തുടങ്ങിയ അദ്ദേഹം 2016ൽ കൂടുതൽ തിളക്കത്തോടെയാണു ജയം ആവർത്തിച്ചത്. ആലുവാപ്പുഴയിൽ (പെരിയാർ) അടിയൊഴുക്കു പോയിട്ട്, ഒഴുക്കു പോലുമുണ്ടായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അനായാസ ജയമായിരുന്നു സാദത്തിന് ആലുവ നൽകിയത്. മണ്ഡലത്തിലുടനീളം ബന്ധങ്ങളുള്ള ജനകീയ നേതാവെന്ന പരിവേഷം സാദത്തിനു ഹാട്രിക് വിജയം സമ്മാനിക്കുമെന്നു തന്നെ യുഡിഎഫ് വിശ്വസിക്കുന്നു.

ആലുവ ബസ് സ്റ്റാൻഡ് പുനർനിർമാണം പോലുള്ള വികസന നേട്ടങ്ങളും സാദത്ത് അവതരിപ്പിക്കുന്നു. കോവിഡ് കാലത്തുൾപ്പെടെ കാരുണ്യ പദ്ധതികൾക്കു നേതൃത്വം നൽകിയതും അദ്ദേഹം വോട്ടർമാരെ ഓർമിപ്പിക്കുന്നു. ഇക്കുറി പക്ഷേ, ആലുവയുടെ രാഷ്ട്രീയ ചരിത്രം പുതുക്കിപ്പണിയാൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് എൽഡിഎഫ് കരുക്കൾ നീക്കിയത്. സ്ഥാനാർഥിയെ കണ്ടെത്തിയത് എതിരാളിയുടെ തട്ടകത്തിൽ നിന്ന്.

26 വർഷം ആലുവയുടെ ജനപ്രതിനിധിയായിരുന്ന, പ്രമുഖ കോൺഗ്രസ് നേതാവ് കെ.മുഹമ്മദാലിയുടെ മകന്റെ ഭാര്യ ഷെൽന നിഷാദിനെ സ്ഥാനാർഥിയാക്കിയാണ് എൽഡിഎഫ് വേറിട്ടൊരു തന്ത്രം മെനഞ്ഞത്. ആർക്കിടെക്ട് കൂടിയായ ഷെൽനയുടെ മുദ്രാവാക്യം തന്നെ ‘റീബിൽഡ് ആലുവ’ എന്നതാണ്. എൽഡിഎഫ് വോട്ടുകൾ ഉറപ്പിച്ചു നിർത്തുന്നതിനൊപ്പം കോൺഗ്രസ് പാളയത്തിൽ നിന്നു കൂടി വോട്ടുകൾ ലഭിച്ചാൽ അട്ടിമറി സാധ്യമാകുമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടൽ.

ernakulam-aluva-JPG

എൻഡിഎയെ സംബന്ധിച്ചിടത്തോളം പടിപടിയായി വർധിച്ചുവരുന്ന വോട്ടു വിഹിതത്തിലാണു പ്രധാന പ്രതീക്ഷ. ബിജെപി ജില്ലാ വൈസ് പ്രസിഡന്റു കൂടിയായ എം.എൻ.ഗോപിക്കു മണ്ഡലത്തിലുള്ള സൗഹൃദങ്ങൾ വോട്ടിലേക്കുള്ള പാലമാകുമെന്നാണ് എൻഡിഎ കരുതുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലാകെ സ്വാധീനം വർധിപ്പിക്കാൻ പാർട്ടിക്കു കഴിഞ്ഞു. കൊച്ചി രാജ്യാന്തര വിമാനത്താവളം (നെടുമ്പാശേരി) ഉൾപ്പെട്ട മണ്ഡലമായതിനാൽ ചോദ്യം ഇങ്ങനെയാകാം– ആലുവയിൽ ആർക്കാകും ഇക്കുറി വിജയത്തിലേക്കുള്ള ടേക് ഓഫ്?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com