പുതുവൈപ്പ് ആർഎംപി തോട് ഡ്രജിങ് പൂർത്തിയായതിന് പിന്നാലെ വീണ്ടും മണൽതിട്ട

Mail This Article
എളങ്കുന്നപ്പുഴ∙ കൊച്ചി അഴിമുഖത്തു നിന്നാരംഭിക്കുന്ന പുതുവൈപ്പ് ആർഎംപി തോടിന്റെ കവാടത്തിലെ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള ഡ്രജിങ് പൂർത്തിയായതിനു പിന്നാലെ വീണ്ടും മണൽതിട്ട രൂപം കൊണ്ടു. അഴിമുഖത്തു നിന്ന് 510 മീറ്റർ നീളത്തിലും ഒന്നര മീറ്റർ താഴ്ചയിലും ഡ്രജിങ് നടത്തിയാണ് മേജർ ഇറിഗേഷൻ വകുപ്പ് മണൽതിട്ട നീക്കം ചെയ്തത്. മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചു നീക്കിയ മണ്ണ് തോടിന്റെ കരയിൽ ഇരു ഭാഗത്തുമായി നിക്ഷേപിച്ചിരിക്കുകയാണ്.
തുടർന്നുള്ള ഭാഗം ഇറിഗേഷൻ വകുപ്പും എളങ്കുന്നപ്പുഴ പഞ്ചായത്തും വെവ്വേറെയായി നേരത്തേ ഡ്രജ് ചെയ്ത് ആഴം വർധിപ്പിച്ചിരുന്നു. തോടിന്റെ മറ്റൊരു ഭാഗത്ത് പഞ്ചായത്തിന്റെ നേതൃത്തിൽ രണ്ടാംഘട്ട ഡ്രജിങ് തുടങ്ങാനിരിക്കയാണ്. കവടത്തിലെ മണൽതിട്ട നീക്കം ചെയ്യുന്നതോടെ പുതുവൈപ്പിൽ വർഷകാലത്തും വൃശ്ചിക മാസത്തിലും അനുഭവപ്പെടുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുമെന്നായിരുന്നു പ്രതീക്ഷ.
കടലിലേക്ക് ഇതു വഴി സഞ്ചരിക്കുന്ന മത്സ്യബന്ധന വഞ്ചികളുടെ ഗതാഗതം സുഗമമാകുമെന്നും കരുതിയിരുന്നു. ഏറെക്കാലത്തെ മുറവിളിക്കു ശേഷമാണ് ഡ്രജിങ് നടന്നത്. കവാടത്തിൽ വീണ്ടും മണൽതിട്ട രൂപം കൊണ്ടതോടെ ഈ പ്രതീക്ഷകൾ മങ്ങി. ശാസ്ത്രീയ പഠനം നടത്തി മണൽതിട്ട നീക്കം ചെയ്തു കവാടം സുരക്ഷിതമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നു സാമൂഹിക പ്രവർത്തകനായ കെ.ജി.ആൻസൻ ആവശ്യപ്പെട്ടു.