ഒാട്ടം പോകുമ്പോൾ അരിവാളും ചാക്കും കരുതും; ലോക്ഡൗണിൽ ആടുകൃഷി വിപുലമാക്കി; തോൽക്കാൻ മനസില്ലാതെ മാർട്ടിൻ
Mail This Article
അങ്കമാലി ∙ ചമ്പന്നൂർ കിരിയാന്തൻ മാർട്ടിന്റെ (49) ഓട്ടോറിക്ഷയിൽ ഒരു അരിവാളും ചാക്കും എപ്പോഴും ഉണ്ടാകും. ആടുകൾക്കു പാതയോരത്തുനിന്നു പുല്ലു വെട്ടാനും ശേഖരിക്കാനുമാണിത്. പരിചയക്കാർ ആശുപത്രിയിലേക്കും മറ്റും അത്യാവശ്യ ഓട്ടം വിളിക്കും. തിരിച്ചുവരുമ്പോൾ പാതയോരത്തെ പുല്ലുവെട്ടി കൊണ്ടുവരും. 10 വർഷത്തിലേറെയായി ഓട്ടോറിക്ഷ ഓടിച്ച് അഞ്ചംഗ കുടുംബത്തെ പോറ്റുന്നയാളാണു മാർട്ടിൻ. കോവിഡ് വ്യാപനത്തെ തുടർന്നു വരുമാനമില്ലാത്തതിനാൽ ജീവിതത്തിൽ പകച്ചുനിൽക്കുന്ന ഒട്ടേറെ പേർക്കു മാതൃകയാണീ യുവാവ്. ഒരു വർഷം മുൻപ് ആടുകൃഷി തുടങ്ങി. രണ്ടാം ഘട്ട കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ഡൗൺ വന്നതോടെ പൂർണ ശ്രദ്ധ ആടുകൃഷിയിലായി.
ജീവിതത്തിൽ ഒട്ടേറെ പ്രതിസന്ധികൾ നേരിട്ടയാളാണു മാർട്ടിൻ. ഒരു വയസ്സുള്ളപ്പോഴാണ് ഇടതുകാലിനു പോളിയോ ബാധിച്ചു ചലനവൈകല്യമുണ്ടായത്. പഠനം ഇടയ്ക്കു നിർത്തി. 20 വയസ്സു കഴിഞ്ഞപ്പോൾ അങ്കമാലി ടൗണിൽ തയ്യൽ പഠിക്കാൻ പോയി. 5 വർഷം തയ്യൽ ജോലികൾ ചെയ്തു. കൂടുതൽ വരുമാനം പ്രതീക്ഷിച്ചു മുംബൈയിലേക്കു കൂടുമാറ്റം. എന്നാൽ മാർട്ടിന്റെ പ്രതീക്ഷകൾ പച്ചപിടിച്ചില. നാട്ടിൽ തിരിച്ചെത്തിയ മാർട്ടിൻ തയ്യൽ രംഗത്തു തന്നെ തുടർന്നു. ഓട്ടോറിക്ഷ ഓടിക്കാൻ പഠിച്ചു. റെയിൽവേ സ്റ്റേഷൻ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങി. ആ ജോലിയെ കോവിഡ് തകർത്തെങ്കിലും തോറ്റുകൊടുക്കാൻ തയാറാകാതെ മുന്നോട്ടുപോകുകയാണു മാർട്ടിൻ.