ചോറ്റാനിക്കര മകം മനം നിറഞ്ഞ് ഭക്തർ
Mail This Article
ചോറ്റാനിക്കര ∙ അഭിഷ്ടവരദായിനിയായ ചോറ്റാനിക്കരയമ്മയെ മകം നാളിൽ ദർശിച്ച് ഭക്തസഹസ്രങ്ങൾ പ്രാർഥനാനിറവിൽ മകം തൊഴുതു. വിശേഷപ്പെട്ട തങ്കഗോളകയും ആടയാഭരണങ്ങളും രത്നകിരീടവും പട്ടുടയാടകളും അണിഞ്ഞു വിഭൂഷിതയായുള്ള ചോറ്റാനിക്കരയമ്മയുടെ ദേവീരൂപം ഭക്തർക്ക് ദർശന പുണ്യമായി. താമരപ്പൂ മാല ചാർത്തി നെയ്‌വിളക്ക് തെളിച്ച് ദീപാരാധനയോടെ തന്ത്രി പുലിയന്നൂർ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് ഉച്ചയ്ക്ക് 2നു മകം തൊഴലിനായി നട തുറന്നു.
രാവിലെ മുതൽ അമ്മയുടെ പുണ്യദർശനത്തിനായി ക്ഷേത്രത്തിനു പുറത്തു ക്യൂവിൽ കാത്തുനിന്ന പതിനായിരങ്ങൾ പടിഞ്ഞാറേ നടയിലൂടെയും വടക്കേ നടയിലൂടെയും പ്രത്യേകം തയാറാക്കിയ ബാരിക്കേഡിനുള്ളിലൂടെ അമ്മേ നാരായണ മന്ത്രങ്ങളുമായി ക്ഷേത്രത്തിലേക്കു പ്രവേശിച്ചു. വില്ല്വമംഗലം സ്വാമിയാർക്ക് ദർശനമേകിയ ഐതിഹ്യത്തിൽ കീഴ്ക്കാവ് പരിസരത്തും ആയിരങ്ങൾ ശരണമന്ത്രങ്ങളോടെ കൈകൾ കൂപ്പി ദേവിയെ തൊഴുതു.
രാത്രി 10 വരെ ഭക്തർക്കു ദർശനത്തിനു സൗകര്യം ഒരുക്കിയിരുന്നു. രാവിലെ ഓണക്കുറ്റിച്ചിറയിൽ ആറാട്ടും, ഇറക്കിപ്പൂജയും നടത്തി പറയെടുത്ത ശേഷം തിരിച്ചെഴുന്നള്ളി. തുടർന്നു മകം എഴുന്നള്ളിപ്പ് നടന്നു. മകം ദർശനത്തിനു ശേഷം മങ്ങാട്ടുമനയിലേക്കു പുറപ്പെട്ട് ഇറക്കിപ്പൂജയും തിരികെ ക്ഷേത്രത്തിലെത്തി മകം വിളക്കിനെഴുന്നള്ളിപ്പും നടന്നു. നടി നയൻതാര, സംവിധായകൻ വിഘ്നേഷ് ശിവൻ, പാർവതി ജയറാം എന്നിവരും ദർശനത്തിനെത്തിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ഗായകൻ മധു ബാലകൃഷ്ണനും രാവിലെ ക്ഷേത്രത്തിൽ ദർശനം നടത്തി.