കുറ്റപ്പെടുത്തരുത്; അതു ഞാനല്ല: നടൻ നസ്‌ലെൻ കെ. ഗഫൂർ

Mail This Article
കൊച്ചി ∙ നടൻ നസ്‌ലെൻ കെ. ഗഫൂറിന്റെ പേരിൽ വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുണ്ടാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കമന്റ് പോസ്റ്റ് ചെയ്തതു വിദേശത്തു നിന്നെന്നു കണ്ടെത്തി. വ്യാജ അക്കൗണ്ട് തയാറാക്കിയതു യുഎഇയിലെ ഐപി വിലാസത്തിലുള്ള കംപ്യൂട്ടർ ഉപയോഗിച്ചാണെന്നു കൊച്ചി സൈബർ പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് പൊലീസ് കത്തു നൽകിയതിനെ തുടർന്ന് ഫെയ്സ്ബുക് അക്കൗണ്ട് നീക്കം ചെയ്തു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ ചീറ്റകളെ തുറന്നു വിട്ട ഓൺലൈൻ വാർത്തയ്ക്കു താഴെയാണു നസ്‌ലെന്റെ പേരിൽ അപകീർത്തികരമായ രീതിയിൽ കമന്റ് പോസ്റ്റ് ചെയ്തത്. തന്റെ പേരും ചിത്രവും ഉപയോഗിച്ചു തയാറാക്കിയ വ്യാജ അക്കൗണ്ട് വഴിയാണു കമന്റ് ഇട്ടിരിക്കുന്നതെന്നു കാണിച്ചു നസ്‌ലെൻ കൊച്ചി സൈബർ ക്രൈം പൊലീസിനു കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അക്കൗണ്ട് നിർമിച്ചിരിക്കുന്നതു യുഎഇയിൽ നിന്നാണെന്നു കണ്ടെത്തിയത്. മറ്റൊരാൾ വ്യാജമായി തയാറാക്കിയ അക്കൗണ്ടിന്റെ പേരിൽ താൻ പഴി കേൾക്കുകയാണെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിൽ നസ്‌ലെൻ പറഞ്ഞു.