സ്വകാര്യ ബസിന്റെ മരണപ്പാച്ചിൽ: ദേശത്ത് വാഹനങ്ങളുടെ കൂട്ടയിടി; 2 പേർക്ക് പരുക്ക്

Mail This Article
നെടുമ്പാശേരി∙ സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിനെ തുടർന്ന് അപകടമൊഴിവാക്കാൻ ശ്രമിച്ചപ്പോൾ ഭിന്നശേഷിക്കാരൻ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഓട്ടോകളിൽ ഇടിച്ച് കയറി. രണ്ടുപേർക്ക് പരുക്കേറ്റു. കാറിനും ദേശം സ്റ്റാൻഡിലെ 2 ഓട്ടോറിക്ഷകൾക്കും കേടുപാട് സംഭവിച്ചു. രോഷാകുലരായ നാട്ടുകാർ ബസ് തടഞ്ഞതോടെ സർവീസ് നിർത്തിവച്ചു. അപകടത്തിനിടയാക്കിയ ബസിന്റെ ഡ്രൈവറെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
ദേശീയപാതയിൽ ദേശം കവലയിൽ ഇന്നലെ രാവിലെ പത്തിനായിരുന്നു അപകടം. ആലുവ- കാലടി റൂട്ടിൽ സർവീസ് നടത്തുന്ന ‘വിനായക്’ എന്ന ബസ് ആണ് അപകടമുണ്ടാക്കിയത്. ബസ് ആലുവയിൽ നിന്ന് വരുമ്പോഴാണ് സംഭവം. വേഗം കുറയ്ക്കാതെ കാലടി ഭാഗത്തേക്ക് തിരിയാൻ യു ടേണിൽ ബസ് വീശി എടുത്ത് ദേശീയപാത മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. മേയ്ക്കാട് സ്വദേശി ശ്രീകുമാർ ഓടിച്ചിരുന്ന കാർ ആണ് ഇതേത്തുടർന്ന് നിയന്ത്രണം വിട്ട് സമീപത്തെ ഓട്ടോ സ്റ്റാൻഡിലേക്ക് പാഞ്ഞുകയറിയത്.
ശ്രീകുമാറിന്റെ കാറിനും പറമ്പയം സ്വദേശി സുബൈർ, ദേശം പുറയാർ സ്വദേശി ജലീൽ എന്നിവരുടെ ഓട്ടോകൾക്കും കേടുപാട് സംഭവിച്ചു. അപകടത്തിൽ ജലീലിനും സുബൈറിനും പരുക്കുണ്ട്. ആലുവ- കാലടി റോഡിൽ സർവീസ് നടത്തുന്ന പല സ്വകാര്യ ബസുകളും അശ്രദ്ധമായും ട്രാഫിക് നിയമങ്ങൾ ലംഘിച്ചും അപകടകരമായ വിധത്തിൽ മരണപ്പാച്ചിൽ നടത്തുന്നത് പതിവാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവാകുന്നത്. മുന്നറിയിപ്പ് നൽകിയെങ്കിലും നിയമലംഘനം തുടരുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.