പത്തൽ വടി കൊണ്ട് ഉദ്യോഗസ്ഥന്റെ തലയിൽ അടിച്ചു; പൊലീസിനെ ആക്രമിച്ച് മദ്യപസംഘം

Mail This Article
വടക്കേക്കര ∙ മദ്യപിച്ചു പൊലീസിനു നേരെ ആക്രമണം നടത്തിയ 4 പേർ റിമാൻഡിൽ. തുരുത്തിപ്പുറം സ്വദേശി ബിജു (മല്ലൻ ബിജു - 50), ഓണത്തുകാട് സ്വദേശി ശാന്തിലാൽ (36), കൂട്ടുകാട് സ്വദേശി സ്മിത്ത് (കണ്ണൻ - 36), പരുവത്തുരുത്ത് സ്വദേശി സെബാസ്റ്റ്യൻ (സെബാട്ടി - 33) എന്നിവരാണു റിമാൻഡിലായത്. ഓണത്തുകാട് ഭാഗത്തു മദ്യപിച്ചെത്തിയ ഇവർ സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നതായി വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ ഉദ്യോഗസ്ഥർക്കെതിരെ തിരിയുകയും ആക്രമിക്കുകയും ചെയ്തു.
പത്തൽ വടി കൊണ്ട് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ തലയിൽ അടിച്ചു. പൊലീസുകാരന്റെ തലയ്ക്കു പരുക്കേറ്റു. തുടർന്നു പൊലീസ് ഇവരെ ബലംപ്രയോഗിച്ചു ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇൻസ്പെക്ടർ വി.സി.സൂരജ്, ഉദ്യോഗസ്ഥരായ എം.എസ്.ഷെറി, റസാഖ്, ബേബി കൃഷ്ണകുമാർ, മിറാഷ്, പ്രവീൺ ദാസ്, സിജിമോൻ എന്നിവർ ചേർന്നാണു 4 പേരെയും പിടികൂടിയത്. ഓണത്തുകാട് ഭാഗത്തു നിർദിഷ്ട ഹൈവേയ്ക്ക് ഏറ്റെടുത്ത സ്ഥലത്ത് സ്ഥിരമായി മദ്യവും ലഹരിമരുന്നും ഉപയോഗിക്കാൻ ഇവർ ഒത്തുചേർന്നിരുന്നതായി പൊലീസ് പറഞ്ഞു.