കുന്നുകര കുടുംബാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരില്ലെന്ന് പരാതി

Mail This Article
നെടുമ്പാശേരി∙ കുന്നുകര കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്നു പരാതി. ആവശ്യമായ കെട്ടിടവും ആധുനിക സൗകര്യങ്ങളുമുണ്ടെങ്കിലും സ്റ്റാഫ് പാറ്റേൺ നടപ്പാക്കിയിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം. 3 ഡോക്ടർ, 2 ഫാർമസിസ്റ്റ്, 3 സ്റ്റാഫ് നഴ്സ് തുടങ്ങിയവരെ പുതുതായി നിയമിക്കേണ്ടതുണ്ട്. ഒന്നും നടപ്പാക്കിയിട്ടില്ല. ദിവസേന ഇരുനൂറ്റി അൻപതിലേറെ രോഗികൾ ഇവിടെ ചികിത്സ തേടുന്നുണ്ട്. ഏറെ നേരം ഇവർ ഡോക്ടർക്കായി കാത്തു നിൽക്കേണ്ട അവസ്ഥയാണ്.
പഞ്ചായത്ത് ഭരണസമിതി ഒട്ടേറെത്തവണ മന്ത്രിമാരോടും ജില്ലാ മെഡിക്കൽ ഒാഫിസറോടും ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും നടപടിയും ഉണ്ടായിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, വൈസ് പ്രസിഡന്റ് എം.എ.അബ്ദുൽ ജബ്ബാർ, സ്ഥിരം സമിതി അധ്യക്ഷൻമാരായ സിജി വർഗീസ്, ഷിബി പുതുശേരി, കവിത ബാബു എന്നിവർ അറിയിച്ചു.