കണ്ണമാലി നേർച്ചസദ്യ ഇന്ന്

Mail This Article
കണ്ണമാലി∙ തീർഥാടന കേന്ദ്രമായ കണ്ണമാലി പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള നേർച്ചസദ്യയ്ക്ക് ഒരുക്കം പൂർത്തിയായി. ഇന്നു രാവിലെ 7.30നു നടക്കുന്ന കുർബാനയ്ക്കു ബിഷപ് ഡോ. ജോസഫ് കരിയിൽ കാർമികനാകും. തുടർന്ന് അദ്ദേഹം നേർച്ചസദ്യ ആശീർവദിക്കും. കോവിഡ് മൂലം കഴിഞ്ഞ 3 വർഷം മുടങ്ങിയ സദ്യ ഈ വർഷമാണു പുനരാരംഭിക്കുന്നത്.
ഇക്കുറി ഒരു ലക്ഷം പേർക്കാണു സദ്യ ഒരുക്കുന്നത്. ഇതിനായി ഒരു ലക്ഷം ചതുരശ്ര അടിയിൽ വിശാലമായ തണൽപന്തൽ പള്ളിയിൽ ഒരുക്കിയിട്ടുണ്ട്. 5000 കിലോഗ്രാം അരിയാണു സദ്യയ്ക്ക് ഉപയോഗിക്കുന്നത്. കൂടാതെ 75,000 കുപ്പി പായസവും ഒരുക്കുന്നുണ്ടെന്നു കലവറ കമ്മിറ്റി കൺവീനർ ബി.ജെ. തമ്പി ബാലുമ്മൽ പറഞ്ഞു. സദ്യയ്ക്കുള്ള ഉൽപന്നങ്ങളിലേറെയും നാട്ടുകാരും വിശ്വാസികളും ചേർന്ന് എത്തിച്ചു. പോരായ്മയുള്ളവ സംഘാടകർ വാങ്ങി.
ഇന്നു പതിനായിരങ്ങൾ പള്ളിയിൽ എത്തും. വിവിധ സ്ഥലങ്ങളിൽ നിന്നു കണ്ണമാലിയിലേക്കു കെഎസ്ആർടിസി, പ്രൈവറ്റ് ബസുകൾ സർവീസ് നടത്തും. രാവിലെ മുതൽ രാത്രി 12 വരെ തുടർച്ചയായി കുർബാന ഉണ്ടാകും. സെന്റ് ജോസഫ് ചാരിറ്റീസ് ട്രസ്റ്റാണ് നേർച്ച സദ്യയ്ക്കു നേതൃത്വം നൽകുന്നത്.