ബ്രഹ്മപുരം തീപിടിത്തം അസ്വാഭാവികതയില്ലെന്നു റിപ്പോർട്ട്; കടമ്പ്രയാറിലെ വെള്ളം അണുനശീകരണം നടത്തി ഉപയോഗിക്കാം
Mail This Article
കൊച്ചി∙ ബ്രഹ്‌മപുരം മാലിന്യ കേന്ദ്രത്തിലെ തീപിടിത്തം സ്വാഭാവിക കാരണങ്ങളാലെന്നു ഫൊറൻസിക് റിപ്പോർട്ട്. സംഭവത്തിൽ അട്ടിമറിയില്ലെന്നും കൂന കൂട്ടിയിട്ട പ്ലാസ്റ്റിക് അടക്കമുള്ള ഖര മാലിന്യ കൂമ്പാരത്തിന്റെ അടിത്തട്ടിൽ നിന്നാണു തീ ഉണ്ടായതെന്നുമാണു തൃശൂർ ഫൊറൻസിക് ലാബിന്റെ റിപ്പോർട്ട്. തീ കത്തിയ നാൽപതേക്കറിൽനിന്നു ശേഖരിച്ച സാംപിളുകൾ പരിശോധിച്ച ശേഷമാണു റിപ്പോർട്ട് തയാറാക്കിയത്. മാലിന്യകേന്ദ്രത്തിലെ 5 ഇടങ്ങളിൽ നിന്ന് സാംപിളെടുത്തു. പെട്ടെന്നു തീ പിടിക്കാൻ സാധ്യതയുള്ള ഖരമാലിന്യങ്ങളാണു ബ്രഹ്മപുരത്തു തള്ളിയിരുന്നത്.
കാലങ്ങളായി കെട്ടിക്കിടന്ന ഖരമാലിന്യങ്ങളിൽ വലിയ രീതിയിൽ രാസമാറ്റമുണ്ടായി. രാസപ്രക്രിയയിലൂടെ ഉൽപാദിപ്പിക്കപ്പെട്ട മീഥെയ്‌ൻ അടക്കമുള്ള ചതുപ്പു വാതകങ്ങളാണു തീപിടിത്തമുണ്ടാകാൻ പ്രധാന കാരണം. വേനൽ തുടങ്ങിയതോടെ അന്തരീക്ഷോഷ്മാവു വർധിച്ചതിനൊപ്പം ഈ വാതകങ്ങളുടെ ചൂടു കൂടിയതും മുഖ്യ ഘടകമായി. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അംശവും ഓക്‌സിജന്റെ അളവും തീപിടിത്തത്തിനുള്ള സ്വാഭാവിക സാഹചര്യം ഒരുക്കിയെന്നും റിപ്പോർട്ടിലുണ്ട്.
കടമ്പ്രയാറിനോടു ചേർന്നു തെക്കുഭാഗത്തു നിന്നാണു തീ പടർന്നത്.ഈർപ്പത്തിന്റെ സാന്നിധ്യം മീഥെയ്‌ൻ അടക്കമുള്ള വാതകങ്ങളുടെ ഉൽപാദനം വേഗത്തിലാക്കി. മീഥെയ്‌ൻ ഉൽപാദനംമൂലം മാലിന്യക്കൂമ്പാരത്തിനുള്ളിൽ ഊഷ്മാവ് വർധിച്ചു. അന്തരീക്ഷ താപനിലയും വർധിച്ചതോടെ അടിത്തട്ടിൽ തീപിടിത്തമുണ്ടായി. പ്ലാസ്റ്റിക്കും ഉപയോഗശൂന്യമായ മെത്തകളും ഉൾപ്പെടെ തീപിടിച്ചാൽ പെട്ടെന്ന് അണയാത്ത മാലിന്യം ഏറെയുള്ളതും ശക്തമായ കാറ്റും തീ പെട്ടെന്നു പടരാൻ കാരണമായെന്നുമുള്ള കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. മാർച്ച് രണ്ടിനു വൈകിട്ടാണു ബ്രഹ്മപുരത്തു നഗരസഭ മാലിന്യം തള്ളുന്ന സ്ഥലത്തു തീപിടിച്ചത്. പന്ത്രണ്ടാം ദിവസമാണു തീ കെടുത്താനായത്. തീപിടിത്തം അട്ടിമറിയാണെന്ന ആരോപണം ശക്തമായിരുന്നു. ഇതേത്തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലും തീപിടിത്തം സ്വാഭാവിക കാരണങ്ങളാലാണെന്നു കണ്ടെത്തിയിരുന്നു.
വായുവിൽ ചാരവും അവശിഷ്ടവും ഇല്ല, കടമ്പ്രയാറിലെ വെള്ളം അണുനശീകരണം നടത്തി ഉപയോഗിക്കാമെന്നും മലിനീകരണ നിയന്ത്രണ ബോർഡ്
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ പടർന്ന തീ അണച്ചശേഷം, ചുറ്റുമുള്ള വായുവിൽ പൊടിരൂപത്തിലുള്ള ചാരവും അവശിഷ്ടവും കണ്ടെത്തിയില്ലെന്നു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട്. മാലിന്യ പ്ലാന്റിനു സമീപത്തെ കടമ്പ്രയാറിലെ വെള്ളം പരമ്പരാഗത ശുദ്ധീകരണവും അണുനശീകരണവും നടത്തി കുടിവെള്ള സ്രോതസ്സായി ഉപയോഗിക്കാമെന്നും പറയുന്നു.
ദേശീയ ഹരിത ട്രൈബ്യൂണൽ ദക്ഷിണമേഖലാ ബെഞ്ചിനാണ് റിപ്പോർട്ട് നൽകിയത്. തീപിടിത്ത സമയങ്ങളിലും തീ പൂർണമായി അണച്ചശേഷവും മലിനീകരണ നിയന്ത്രണ ബോർഡ് പ്രദേശത്തെ വായു നിലവാരം പരിശോധിച്ചിരുന്നു. തീ അണച്ചശേഷം വായുവിന്റെ നിലവാരം മെച്ചപ്പെട്ടു. തീ അണച്ചശേഷം 2 തവണ ബോർഡ് സംഘം പ്ലാന്റിൽ പരിശോധന നടത്തി.
വലിയ തോതിൽ കത്തിയ പ്ലാസ്റ്റിക് മാലിന്യം കുന്നുപോലെ കൂടിക്കിടക്കുകയാണെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു. കത്താത്ത പ്ലാസ്റ്റിക്– അജൈവ മാലിന്യങ്ങൾ ഇതിന്റെ അടിയിലുണ്ട്. 40 ഏക്കറോളം സ്ഥലത്ത് ഇതാണ് അവസ്ഥയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മൺസൂൺ മഴയ്ക്കു മുൻപ് സമയപരിധി കൃത്യമായി പാലിച്ച് ബയോമൈനിങ്ങിനുള്ള നടപടി കൊച്ചി കോർപറേഷൻ ഉടൻ പൂർത്തിയാക്കണമെന്നും പറയുന്നു.
കത്തിയ പ്ലാസ്റ്റിക് മാലിന്യത്തിനു താഴെ പൊടി രൂപത്തിലുള്ള അവശിഷ്ടം കണ്ടാൽ, പരിസ്ഥിതി പ്രശ്നം ഉണ്ടാകാത്ത രീതിയിൽ, കൃത്യമായ സുരക്ഷാ സംവിധാനങ്ങളോടെ വേണം നീക്കാനെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്. വായുവിന്റെയും കടമ്പ്രയാറിലെ വെള്ളത്തിന്റെയും നിലവാരം മലിനീകരണ നിയന്ത്രണ ബോർഡ് തുടർന്നും പരിശോധിക്കും.