ADVERTISEMENT

കൊച്ചി ∙ ബാങ്ക് വായ്പ തിരിച്ചടവു മുടങ്ങിയതോടെ കേരളത്തിൽ ജപ്തി ചെയ്യപ്പെട്ടതു 3 തിയറ്ററുകൾ. ഏതു നിമിഷവും ജപ്തി ചെയ്തേക്കാമെന്ന ഭീഷണി നേരിടുന്നത് 15 തിയറ്ററുകൾ. ഇവയിൽ പലതിലും ഒന്നിലേറെ സ്ക്രീനുകളുണ്ട്. സിനിമാ തിയറ്ററുകളിൽ നിന്നു കാണികൾ അകലുന്ന പ്രവണത വർധിച്ചതോടെ ചലച്ചിത്ര വ്യവസായം നേരിടുന്നതു വൻ പ്രതിസന്ധി. കോടികൾ മുടക്കി നവീകരിച്ച 60% തിയറ്ററുകളും വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ കടുത്ത ഞെരുക്കത്തിലാണ്.

10 വർഷം മുൻപു കേരളത്തിൽ 1250 സ്ക്രീനുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 613 സ്ക്രീനുകൾ മാത്രം. നല്ലൊരു പങ്കും പ്രദർശനം അവസാനിപ്പിച്ചത് 5 വർഷത്തിനിടെ. കാണികൾ കൈവിടുന്നതു തുടർന്നാൽ ശേഷിച്ച സ്ക്രീനുകളിൽ പകുതിയും വർഷാവസാനത്തോടെ പൂട്ടേണ്ടി വരുമെന്ന ഭീതിയിലാണു ചലച്ചിത്ര മേഖല. ‘‘അടുത്ത കാലത്തു പുറത്തിറങ്ങിയ 50% സിനിമകൾക്കും മിക്ക തിയറ്ററുകളിലും ഒരു പ്രദർശനം പോലും നടത്താൻ കഴിഞ്ഞിട്ടില്ല. ഒരു രൂപ പോലും കിട്ടാത്ത സ്ക്രീനുകളുമുണ്ട്. തിയറ്ററുകൾ ഇനി രക്ഷപ്പെടുമെന്നു കരുതാൻ കഴിയാത്ത സ്ഥിതിയാണ്’’. ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ കേരള (ഫിയോക്) പ്രസിഡന്റ് െക.വിജയകുമാർ പറഞ്ഞു.

ഇനി റിലീസ് വിജയസാധ്യത നോക്കി മാത്രം

കൊച്ചി ∙ പിടിച്ചു നിൽക്കാൻ കടുത്ത നീക്കങ്ങളുമായി തിയറ്റർ ഉടമസ്ഥ സംഘടനയായ ഫിയോക്. കടുത്ത പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടു ജൂണിൽ തിയറ്ററുകൾ അടച്ചിടണമെന്ന നിർദേശം സംഘടന സജീവമായി പരിഗണിക്കുന്നു. ഇക്കാര്യത്തിൽ ജനറൽ ബോഡി തീരുമാനമെടുക്കും. തിയറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ 6 മാസത്തിനു ശേഷം മാത്രമേ ഒടിടി പ്ലാറ്റ്ഫോമുകൾക്കു നൽകാവൂ എന്ന നിർദേശവും പരിഗണനയിലുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി വിജയ സാധ്യതയുള്ള ചിത്രങ്ങൾ മാത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാനുള്ള ആലോചനയിലാണു സംഘടന.

ഈ വർഷം എഴുപതിലേറെ സിനിമകൾ റിലീസ് ചെയ്തെങ്കിലും ഒരേയൊരു ചിത്രം മാത്രമാണു വാണിജ്യ വിജയം നേടിയത്. പല സിനിമകൾക്കും ഏതാനും പ്രദർശനങ്ങൾ മാത്രമാണു നടത്താൻ സാധിച്ചത്; അതും ഏറെക്കുറെ കാലിയായ സീറ്റുകൾക്കു മുന്നിൽ. ഈ സാഹചര്യത്തിലാണു സിനിമകളുടെ നിലവാരം നിശ്ചയിക്കാനുള്ള ആലോചന. ‘‘തിയറ്റർ ഉടമകൾക്ക് ഒരുപാടു കാലത്തെ അനുഭവ പരിചയമുണ്ട്. ഏതു സിനിമ വിജയിക്കാൻ സാധ്യതയുണ്ടെന്നു ഞങ്ങൾക്കു പെട്ടെന്നു മനസ്സിലാകും. ഒടിടിക്കു വേണ്ടി തട്ടിക്കൂട്ടിയെടുത്ത സിനിമകൾ തിയറ്ററുകൾക്കു വേണ്ട. അത്തരം സിനിമകൾ വന്നതോടെയാണു ജനം തിയറ്ററുകളെ വെറുക്കുന്ന സ്ഥിതി വന്നത്’’. ഫിയോക് പ്രസിഡന്റ് െക.വിജയകുമാർ പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com