കനത്ത മഴ, വെള്ളക്കെട്ട്: റോഡുകൾ തകർന്നു

Mail This Article
ആലുവ∙ മഴ കനത്തതോടെ പലയിടത്തും റോഡുകൾ തകർന്നു. വെള്ളക്കെട്ടു മൂലം അപകട സാധ്യത വർധിച്ചു. കടുങ്ങല്ലൂർ പഞ്ചായത്തിലെ ഉളിയന്നൂർ തുരുത്തിപ്പുറം–മരിയ ചർച്ച് റോഡിൽ കാൽനടയാത്ര പോലും ബുദ്ധിമുട്ടാണ്. പൈപ്പ് സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡ് പണി തീർന്നു മാസങ്ങൾ കഴിഞ്ഞിട്ടും പുനർ നിർമിച്ചില്ല. മഴ തുടങ്ങിയതോടെ കുഴികളിൽ വെള്ളം നിറഞ്ഞു. ടാറിങ് തകർന്നു. രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ഓട്ടോ പോലും വരാത്ത സാഹചര്യമാണെന്ന് ഒരുമ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

കടുങ്ങല്ലൂർ ഒന്നാം വാർഡിലെ നെടുമാലി–ശൂരൻപിള്ളിക്കുന്ന് റോഡിൽ രൂക്ഷമായ വെള്ളക്കെട്ടാണ്. റിയൽ എസ്റ്റേറ്റുകാർ പാടശേഖരങ്ങൾ വാങ്ങിക്കൂട്ടി കെട്ടിടങ്ങൾ പണിതപ്പോൾ ഇതിലൂടെ ഒഴികിയിരുന്ന തോട് നികത്തിയതാണ് കാരണമെന്നു നാട്ടുകാർ പറഞ്ഞു. ചൈതന്യ റസിഡന്റ്സ് അസോസിയേഷൻ ഇതു സംബന്ധിച്ചു പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും സെക്രട്ടറി സ്ഥലം സന്ദർശിച്ചതല്ലാതെ പരിഹാരം ഉണ്ടായിട്ടില്ല. വെള്ളക്കെട്ട് തുടർന്നാൽ താമസിക്കാൻ പറ്റാതെ വീടൊഴിഞ്ഞു പോകേണ്ട അവസ്ഥ വരുമെന്നാണ് നാട്ടുകാരുടെ പരാതി.
കൊച്ചിൻ ബാങ്ക്–മെഡിക്കൽ കോളജ് റോഡിൽ കൊടികുത്തുമല വളവിൽ ബസ് സ്റ്റോപ്പിനു സമീപം രൂപപ്പെട്ടിരിക്കുന്ന വെള്ളക്കെട്ട് അപകട സാധ്യത വർധിപ്പിച്ചതായി പരാതി. സ്വകാര്യ കമ്പനിയുടെ ധനസഹായത്തോടെ ഇവിടെ കാന നിർമിച്ചെങ്കിലും പണിയിലെ അശാസ്ത്രീയത മൂലം ഫലമുണ്ടായില്ലെന്നു ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുമ്പടന്ന, ബൂത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് എന്നിവർ പറഞ്ഞു. വാഹനങ്ങൾ വെള്ളക്കെട്ട് ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ തൊട്ടടുത്ത ട്രാൻസ്ഫോമറിൽ ഇടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് അവർ ചൂണ്ടിക്കാട്ടി. സ്ലാബ് ഇടാത്ത കാനയിൽ ഇതിനകം പലവട്ടം വാഹനങ്ങൾ മറിഞ്ഞു.
ചൂർണിക്കര പഞ്ചായത്തിൽ കുന്നത്തേരി, മെട്രോ യാഡ്, ചവർപ്പാടം, ചെമ്പ്യാരം എന്നിവിടങ്ങളിൽ കാനകൾ ശുചീകരിക്കാത്തതു മൂലം വെള്ളക്കെട്ടു രൂക്ഷമായി. ഇതു സംബന്ധിച്ചു പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പരാതിപ്പെട്ടപ്പോൾ കാന ശുചീകരണം നടത്തിയെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മറുപടി നൽകിയതെന്നു വാർഡ് അംഗം കെ.കെ. ശിവാനന്ദൻ പറഞ്ഞു. ചെയ്യാത്ത ജോലിക്കു പണം കൈപ്പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ശിവാനന്ദൻ കലക്ടർക്കും വിജിലൻസിനും പരാതി നൽകി.