ബന്ധുക്കളുടെ മാനസികപീഡനം; നടി ബീന കുമ്പളങ്ങിക്ക് തണലൊരുക്കി മഹാത്മാ ജനസേവന കേന്ദ്രം
Mail This Article
കൊച്ചി∙ ബന്ധുക്കളുടെ മാനസികപീഡനവും രോഗങ്ങളും മൂലം അവശയായ നടി ബീന കുമ്പളങ്ങിക്ക് തണലൊരുക്കി അടൂർ മഹാത്മാ ജനസേവന കേന്ദ്രം. താര സംഘടനയായ ‘അമ്മ’ രണ്ടുവർഷം മുൻപ് നിർമിച്ചു നൽകിയ കുമ്പളങ്ങിയിലെ വീട്ടിലായിരുന്നു ബീനയുടെ താമസം. എന്നാൽ, ബീനയുടെ അനുവാദമില്ലാതെ ബന്ധുവും ഭർത്താവും ചേർന്ന് വീട്ടിൽ കയറി താമസം തുടങ്ങി.
വീടും സ്ഥലവും അവരുടെ പേരിൽ എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു തന്നെ മാനസികമായി പീഡിപ്പിച്ചതായി ബീന പറയുന്നു. ബീനയുടെ ദുരവസ്ഥയറിഞ്ഞ ജീവകാരുണ്യ പ്രവർത്തകയും നടിയുമായ സീമ ജി.നായരാണ് മഹാത്മാ ജനസേവന കേന്ദ്രത്തിൽ അവർക്ക് അഭയമൊരുക്കിയത്. ബന്ധുവിനെതിരെ പരാതി നൽകുകയും തന്റെ സുരക്ഷിതമായ ജീവിതത്തിന് മഹാത്മാ ജനസേവന കേന്ദ്രത്തിൽ അഭയം തേടുന്ന വിവരം പൊലീസിൽ അറിയിക്കുകയും ചെയ്ത ശേഷമാണ് ബീന അടൂരിലേക്ക് തിരിച്ചത്.
മഹാത്മാ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷിൽഡ ആന്റണി, മഹാത്മാ ലീഗൽ അഡ്വൈസർ മുജീബ് റഹ്മാൻ എന്നിവർ പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെത്തി ബീനയുടെ സംരക്ഷണം ഏറ്റെടുത്തു.
കുമ്പളങ്ങി തൈകൂട്ടത്തിൽ ജോസഫ്– റീത്ത ദമ്പതികളുടെ മകളായ ബീന, കള്ളൻ പവിത്രനിലെ നായികയായിരുന്നു. മാമാങ്കം, തളിരിട്ട കിനാക്കൾ, തൃഷ്ണ, മുന്നേറ്റം, ചതിക്കാത്ത ചന്തു, കല്യാണരാമൻ എന്നിങ്ങനെ അറുപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.