കാന നിർമാണം അശാസ്ത്രീയം; പ്രതിഷേധം ശക്തം

Mail This Article
മൂവാറ്റുപുഴ∙ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാതെ നിലവിലുള്ള റോഡിന്റെ വീതി കുറയ്ക്കുന്ന വിധത്തിൽ നടക്കുന്ന ദേശീയപാത നവീകരണത്തിന് എതിരെ പ്രതിഷേധം. റോഡരികു വരെ കുഴിച്ച് കാന നിർമിക്കുന്നതു കാരണം കൊച്ചി– ധനുഷ്കോടി ദേശീയപാത 85ന്റെ വീതി കുറയുമെന്ന ആശങ്ക ശക്തമായതോടെയാണ് ഉദ്യോഗസ്ഥരും പരിചയസമ്പന്നരായ ഗവൺമെന്റ് കരാറുകാരും അടിയന്തര നടപടികൾ ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്.
റോഡിന് ഇരുവശത്തുമുള്ള പുറമ്പോക്ക് ഭൂമി ഏറ്റെടുത്ത് 10 മീറ്റർ വീതി ഉറപ്പാക്കിയാകും റോഡ് നിർമാണം നടത്തുക എന്നാണ് പ്രഖ്യാപിച്ചിരുന്നത്. പുറമ്പോക്ക് ഭൂമി കണ്ടെത്തുന്നതിനായി ഡീൻ കുര്യാക്കോസ് എംപിയുടെ നിർദേശ പ്രകാരം സർവേയർമാരെയും നിയോഗിച്ചിരുന്നു. എന്നാൽ ഒരുതരി പുറമ്പോക്ക് ഭൂമി പോലും ഏറ്റെടുക്കാതെയാണ് നിർമാണം ആരംഭിച്ചത്.
പല സ്ഥലങ്ങളിലും മതിലും മറ്റും റോഡിലേക്ക് ഇറക്കി നിർമിച്ചരിക്കുന്നത് അതേപടി നിലനിർത്തിയിരിക്കുകയാണ്. കയ്യേറ്റങ്ങൾ അംഗീകരിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ റോഡിന്റെ നിലവിലെ വീതി പോലും ഇല്ലാതാക്കുന്നതാണ് എന്നാണ് ആക്ഷേപം. വാളകം ഭാഗത്തും മറ്റും റോഡിനോടു ചേർന്നും നിലവിലെ വീതി പോലും ഇല്ലാതാക്കിയുമാണ് കാന നിർമാണം.
ഇതുകാരണം വാഹനം റോഡരികിലേക്കു വെട്ടിച്ചു മാറ്റാൻ പോലും കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നും ഇത് അപകടങ്ങൾക്കു കാരണമാകുമെന്നാണു നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന റോഡാണ് കൊച്ചി –ധനുഷ്കോടി റോഡ്. അശാസ്ത്രീയമായ കാന നിർമാണം അപകടങ്ങൾ വർധിക്കാൻ വഴിയൊരുക്കുമെന്നാണ് ആശങ്ക.