ശ്വാസം കിട്ടാതെ മത്സ്യങ്ങൾ ജലോപരിതലത്തിൽ മുങ്ങിത്താഴ്ന്നു; മുട്ടാർപുഴയിൽ ദയനീയ കാഴ്ച
Mail This Article
കളമശേരി ∙ പെരിയാറിന്റെ കൈവഴിയായ മുട്ടാർപുഴയിൽ അങ്ങോളമിങ്ങോളം ഇന്നലെ പകലും രാത്രിയുമായി വൻതോതിൽ മത്സ്യക്കുരുതി നടന്നു. ശ്വാസം കിട്ടാതെ മത്സ്യങ്ങൾ ജലോപരിതലത്തിൽ മുങ്ങിത്താഴുന്നതു ദയനീയ കാഴ്ചയായിരുന്നു. വലുതും ചെറുതുമായി നൂറുകണക്കിനു മത്സ്യങ്ങൾ ചത്തുപൊങ്ങി. പുഴ കലങ്ങിമറിഞ്ഞ നിലയിൽ ചുവന്ന നിറത്തിലായിരുന്നു.
കരിമീനുകൾക്കാണു കൂടുതൽ നാശമുണ്ടായത്. കൈവഴിയുടെ തുടക്കത്തിൽ ഇടമുള മുതൽ മുട്ടാർ വരെ മത്സ്യക്കുരുതി നടന്നു. ശ്വാസം കിട്ടാതെ പിടയുന്ന മത്സ്യങ്ങളെ വഞ്ചിയിലും വലകൾ ഉപയോഗിച്ചും മറ്റും യുവാക്കൾ പിടിച്ചെടുക്കുന്നതു കാണാമായിരുന്നു.
മഞ്ഞുമ്മൽ റഗുലേറ്റർ ബ്രിജിന്റെ േമൽത്തട്ടിലാണു പുഴയിൽ കൂടുതലായി മത്സ്യങ്ങൾ ചത്തുപൊങ്ങിയത്. പുഴയുടെ നിറം മാറ്റത്തിനും മത്സ്യക്കുരുതിക്കും കാരണം വ്യക്തമല്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർവീലൻസ് ടീം പുഴയിൽ നിന്നു സാംപിൾ ശേഖരിച്ചിട്ടുണ്ട്.