തുറവൂർ– അരൂർ ഉയരപ്പാത നിർമിക്കുമ്പോൾ സമാന്തര പാലത്തിനും ഉയരം കൂട്ടണം
Mail This Article
അരൂർ∙ തുറവൂർ– അരൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് കുത്തിയതോട് പാലത്തിനു സമീപം തോടിനു കുറുകെ സ്ഥാപിക്കുന്ന സമാന്തര പാലത്തിനു ഉയരം കൂട്ടണമെന്ന ആവശ്യം ശക്തമായി. വേമ്പനാട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന തോടാണിത്. ഒട്ടേറെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി വേമ്പനാട് കുറുമ്പി കായലുകളിലേക്ക് വഞ്ചിയിൽ പോകാൻ ഈ തോടിനെയാണ് ആശ്രയിക്കുന്നത്.
നിലവിൽ തോടിനു കുറുകെ നിർമിക്കുന്ന സമാന്തര പാലത്തിന്റെ തൂണുകൾ നാട്ടാൻ തുടങ്ങിയപ്പോൾ തന്നെ വഞ്ചികൾക്കു കടന്നു പോകാൻ കഴിയാത്ത സ്ഥിതിയിലാണെന്നു ബോധ്യമായി. വലിയ കേവ് വള്ളങ്ങൾ വരെ സഞ്ചരിക്കുന്ന തോടാണിത്. സമാന്തരപാലം ഉയരം കൂട്ടി നിർമിച്ചില്ലെങ്കിൽ ഒട്ടേറെ മത്സ്യത്തൊഴിലാളികളുടെയും, കക്കാ തൊഴിലാളികളുടെയും ഉപജീവന മാർഗം അടയും.
പാലത്തിനു ഉയരം കൂട്ടണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി, ഉയരപ്പാത നിർമാണത്തിന്റെ കരാർ കമ്പനി , എ.എം.ആരിഫ് എംപി , ദലീമ ജോജോ എംഎൽഎ എന്നിവർക്കു വിവിധ മത്സ്യത്തൊഴിലാളി സംഘടനകൾ പരാതി നൽകി.