2 വാട്ടർ ടാങ്കുകളുടെ നിർമാണം പൂർത്തിയായില്ല; പള്ളിക്കുന്നിൽ രൂക്ഷമായ ജലക്ഷാമം
Mail This Article
ആലുവ∙ ചൂർണിക്കര പഞ്ചായത്തിലെ ഉയർന്ന പ്രദേശമായ പള്ളിക്കുന്നിൽ അനുഭവപ്പെടുന്ന രൂക്ഷമായ ജലക്ഷാമം പരിഹരിക്കാൻ 6 മാസം മുൻപു നിർമാണം ആരംഭിച്ച 2 വാട്ടർ ടാങ്കുകളും പൂർത്തിയായില്ല. ഒരെണ്ണം പണി പകുതിയായി നിൽക്കുന്നു. മറ്റൊന്ന് അടിത്തറയ്ക്കു കുഴിയെടുത്ത ശേഷം മുന്നോട്ടു നീങ്ങിയില്ല. അൻവർ സാദത്ത് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 60 ലക്ഷം മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. പള്ളിക്കുന്നിന്റെ താഴെ നിർമിക്കുന്ന ടാങ്കിൽ വെള്ളം സംഭരിച്ച ശേഷം മുകളിൽ നിർമിക്കുന്ന ടാങ്കിലേക്ക് അടിച്ചു കയറ്റി പൈപ്പ് ലൈൻ വഴി 200 വീട്ടുകാർക്കു വിതരണം ചെയ്യുന്നതാണ് പദ്ധതി. യഥാസമയം പണി തീർന്നിരുന്നെങ്കിൽ ഇപ്പോഴത്തെ കൊടുംവേനലിൽ ജനങ്ങൾക്ക് ഏറെ ആശ്വാസമായേനെ.
ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ടു മാത്രമാണ് അതു നടക്കാതെ പോയതെന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി കുറ്റപ്പെടുത്തി. 2 മാസമായി പണിയൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താഴത്തെ ടാങ്കിന്റെ പണിയാണ് പകുതിയായത്. മുകളിൽ കുഴിയെടുത്തു പോയ ശേഷം അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. ഇപ്പോൾ ആഴ്ചയിൽ 3 ദിവസം മാത്രമാണ് പള്ളിക്കുന്ന് നിവാസികൾക്കു ശുദ്ധജലം കിട്ടുന്നത്. തായിക്കാട്ടുകര, പട്ടേരിപ്പുറം, മുട്ടം, കമ്പനിപ്പടി ഭാഗങ്ങളിൽ ജലവിതരണത്തിനുള്ള വാൽവ് അടച്ചാണു പള്ളിക്കുന്നിലേക്കു വെള്ളം വിടുന്നത്. ടാങ്കുകളുടെ നിർമാണം പൂർത്തിയായാൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാം.