വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ക്രിസ്മസ് ഫെയർ
Mail This Article
കൊച്ചി∙ വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ക്രിസ്മസ് ഫെയർ. ഡിസംബർ 21 മുതൽ 30 വരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിലാണ് സപ്ലൈകോ ജില്ലാ ഫെയർ സംഘടിപ്പിക്കുന്നത്. ഡിസംബർ 21ന് രാവിലെ 11ന് കൊച്ചി മേയർ അഡ്വ. എം.അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ടി.ജെ.വിനോദ് എംഎൽഎ അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എംപിയാണ് വിശിഷ്ടാതിഥി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ ആദ്യ വിൽപന നിർവഹിക്കും.
യോഗത്തിൽ സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി.ബി.നൂഹ് സ്വാഗതം ആശംസിക്കും. നഗരസഭ കൗൺസിലർ പത്മജ എസ്. മേനോൻ, നേതാക്കളായ സി.എൻ.മോഹനൻ, കെ.എം.ദിനകരൻ, മുഹമ്മദ് ഷിയാസ്, കെ.എസ്.ബൈജു, കെ.എ.അബ്ദുൽ മജീദ്, ടോമി ജോസഫ്, ഇ.എം.മൈക്കിൾ, ജില്ലാ സപ്ലൈ ഓഫിസർ ടി.സഹീർ, എറണാകുളം സപ്ലൈകോ മേഖല മാനേജർ ഐ.വി.സുധീർകുമാർ എന്നിവർ സംസാരിക്കും.
രാവിലെ 10 മുതൽ വൈകിട്ട് 8 വരെയാണ് ഫെയർ പ്രവർത്തിക്കുക. സബ്സിഡി സാധനങ്ങൾക്ക് പുറമേ, ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് 5 മുതൽ 30 ശതമാനം വരെ വിലക്കുറവ് ലഭിക്കും. സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉൽപന്നങ്ങൾക്ക് പ്രത്യേക വിലക്കുറവുണ്ട്. ഒരു കിലോ ശബരി അപ്പംപൊടി, പുട്ടുപൊടി എന്നിവയ്ക്കും 100 ഗ്രാം ചിക്കൻ മസാല, മീറ്റ് മസാല എന്നിവയ്ക്കും 15 രൂപ വീതം വിലക്കുറവ് ലഭിക്കും. 150ലധികം ഉൽപന്നങ്ങൾക്കാണ് വിലക്കുറവും ഓഫറുമുള്ളത്.
ജില്ല ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും ഡിസംബർ 21 മുതൽ 30 വരെ ഉച്ചയ്ക്ക് 2.30 മുതൽ 4 വരെ ഫ്ലാഷ് സെയിലും നടത്തും. സബ്സിഡിയിതര ഉൽപന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനേക്കാൾ 10 ശതമാനം വരെ അധിക വിലക്കുറവ് ഈ സമയത്ത് ലഭ്യമാകും. തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്ക്, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം സപ്ലൈകോ മേഖലാ ഓഫിസിന്റെ പരിസരം, എറണാകുളത്ത് എറണാകുളത്തപ്പൻ ഗ്രൗണ്ട്, തൃശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ജില്ലാ ഫെയറുകൾ സംഘടിപ്പിക്കുന്നത്. മറ്റു ജില്ലകളിൽ ജില്ലാ ആസ്ഥാനത്തെ ഒരു പ്രധാന സൂപ്പർ മാർക്കറ്റ് ക്രിസ്മസ് ഫെയർ ആയി പ്രവർത്തിക്കും.