കിഴക്കമ്പലം - പോഞ്ഞാശേരി റോഡ് പൊട്ടിത്തകർന്നു

Mail This Article
കിഴക്കമ്പലം∙ കിഴക്കമ്പലം- പോഞ്ഞാശേരി റോഡ് ശോച്യാവസ്ഥയിലായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണിക്ക് നടപടിയില്ല. ഇരുചക്ര വാഹനയാത്രികർ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. മഴ പെയ്താൽ കുഴിയുള്ള ഭാഗങ്ങളിൽ കനത്ത വെള്ളക്കെട്ടും വെയിലായാൽ പൊടി ശല്യവും രൂക്ഷമാണ്.കുന്നത്തുനാട് നിയോജക മണ്ഡലത്തിൽപ്പെട്ട മാങ്കുഴി പാലം മുതൽ കിഴക്കമ്പലം വരെയുള്ള റോഡാണ് പൊട്ടിപ്പൊളിഞ്ഞ് ശോച്യാവസ്ഥയിൽ കിടക്കുന്നത്. റോഡിന്റെ പല ഭാഗത്തും വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.
നേരത്തെ റോഡിന്റെ ശോച്യാവസ്ഥയെ തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിലും കഴിഞ്ഞ മഴയിൽ റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞു. എന്നാൽ കുന്നത്തുനാട് മണ്ഡലത്തോട് ചേർന്ന് കിടക്കുന്ന പെരുമ്പാവൂർ മണ്ഡലത്തിൽപ്പെട്ട മാങ്കുഴി മുതൽ പോഞ്ഞാശേരി വരെയുള്ള ഭാഗങ്ങൾ നേരത്തെ ടാറിങ് പൂർത്തീകരിച്ചിരുന്നു. എന്നാൽ കുന്നത്തുനാട് മണ്ഡലത്തിന്റെ ഭാഗം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. റോഡ് നിർമാണത്തിന്റെ ഭാഗമായി നേരത്തെ മാങ്കുഴി പാലവും അതിനോട് ചേർന്നുള്ള ചെറിയ പാലവും നവീകരണം പൂർത്തിയാക്കിയിരുന്നു.