പൊന്മുടി തൂക്കുപാലം : അവഗണിക്കുന്നത് സഞ്ചാരികളുടെ സുരക്ഷ

Mail This Article
രാജാക്കാട് ∙ ദിനം പ്രതി നിരവധി സഞ്ചാരികൾ എത്തുന്ന പൊന്മുടി തൂക്കു പാലത്തിന്റെ ഇരു കൈവരിയിലും ഇരുമ്പ് വല സ്ഥാപിക്കണം എന്ന ആവശ്യം പൊതുമരാമത്ത് വകുപ്പ് അവഗണിക്കുന്നു. 200 അടിയിൽ അധികം ഉയരം ഉള്ള പാലത്തിന്റെ ഇരു കൈവരികൾക്കും സമീപം ആണ് കാഴ്ചകൾ കാണുന്നതിന് കുട്ടികൾ ഉൾപ്പെടെ ഉള്ള സഞ്ചാരികൾ വന്നു നിൽക്കുന്നത്.
അഞ്ച് അടി ഉയരത്തിൽ ഇരുമ്പ് കേഡറിൽ ഉറപ്പിച്ച സംരക്ഷണ വേലി ഉണ്ട് എങ്കിലും ഇതിലെ വിടവുകൾ കുട്ടികൾക്ക് ഭീഷണി ആണ്. പാലത്തിൽ കൂടി വാഹനങ്ങൾ കടന്നു പോകുമ്പോൾ സഞ്ചാരികൾ കൈവരിയോടു ചേർന്നു നിൽക്കുന്നത് പതിവാണ്. കഴിഞ്ഞ മാർച്ച് മാസത്തിൽ പാലത്തിന്റെ അറ്റകുറ്റ പണികൾ പൂർത്തിയാക്കിയിരുന്നു. പാലത്തിന്റെ കൈവരിയിൽ ഉള്ള വിടവുകൾ അടച്ച് ഇരുമ്പ് വല സ്ഥാപിക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടു എങ്കിലും ഫണ്ടിന്റെ അപര്യാപ്തത മൂലം അന്ന് മറ്റ് പണികൾ പൂർത്തിയാക്കുകയാണ് ഉണ്ടായത്.
അര നൂറ്റാണ്ടിൽ അധികം പഴക്കം ഉള്ള ഉരുക്ക് പാലത്തിനു സമീപം വാഹനങ്ങൾക്ക് കടന്നു പോകാൻ കോൺക്രീറ്റ് പാലം നിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് സാധ്യത പഠനം നടത്തി എങ്കിലും പിന്നീട് നടപടികൾ നിലച്ചു. 2018 ജൂലൈയിൽ ഇവിടെ ബോർഹോൾ പരിശോധന പൂർത്തിയാക്കിയിരുന്നു. എത്രയും വേഗം കോൺക്രീറ്റ് പാലം നിർമിച്ച് ചരിത്ര പ്രാധാന്യം ഉള്ള തൂക്കു പാലം സഞ്ചാരികൾക്കായി സംരക്ഷിക്കണം എന്നാണ് നാട്ടുകാരുടെയും ആവശ്യം.