കാറ്റിലും മഴയിലും വീട് തകർന്നു; ഗൃഹനാഥനടക്കം 4 പേർക്ക് പരുക്ക്

Mail This Article
തൊടുപുഴ ∙ ശക്തമായ കാറ്റിലും മഴയിലും വീട് തകർന്ന് ഗൃഹനാഥന് ഗുരുതരമായി പരുക്കേറ്റു. അരിക്കുഴ തരണിയിൽ ജെയ്സി (39) നാണ് നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.ഓടിട്ട വീടിനു മുന്നിൽ കസേരയിൽ ഇരിക്കുകയായിരുന്ന ജയ്സിന്റെ ദേഹത്തേക്ക് ഭിത്തിയും പഴയ വലിയ ജനലും ഉൾപ്പെടെ തകർന്നു വീഴുകയായിരുന്നു. ജെയ്സിന്റെ പുറം ഭാഗത്തേക്കാണ് ജനൽ പതിച്ചത്.

ഇതാണ് ഗുരുതരമായി പരുക്ക് ഏൽക്കാൻ കാരണം. അപകടത്തിൽ ജെയ്സിന്റെ ഭാര്യ മഞ്ജു (33) മക്കളായ റൂബിൻ (7) റോബിൻ (5) എന്നിവർക്കും പരുക്കേറ്റു.ഇവരെ ജില്ല ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു. വീട് പൂർണമായും തകർന്നതിനാൽ ഇവരെ തറവാട് വീട്ടിലാക്കി. മണക്കാട് വില്ലേജ് ഓഫിസർ മനു പ്രസാദ് സ്ഥലത്ത് എത്തി റിപ്പോർട്ട് തയാറാക്കി തഹസിൽദാർക്ക് നൽകി. ഓട്ടോ റിക്ഷ ഡ്രൈവറാണ് ജെയ്സ്.