സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ; കൈ അകലത്തിൽ അപകടം

Mail This Article
തൊടുപുഴ ∙ ശാന്തമായി ഒഴുകുന്ന തൊടുപുഴയാറ്റിൽ പതിയിരിക്കുന്ന അപകടം മനസ്സിലാക്കാതെ കുളിക്കാൻ ഇറങ്ങി അപകടത്തിൽപെടുന്നവരുടെ എണ്ണം വർധിച്ചു. സ്കൂളുകളും കോളജുകളും അടച്ചതോടെ നൂറുകണക്കിനു വിദ്യാർഥികളും മറ്റുമാണ് തൊടുപുഴയാറ്റിലെ വിവിധ കടവുകളിൽ കുളിക്കാൻ ഇറങ്ങുന്നത്. പലരും നീന്തൽ വശം ഇല്ലാത്തവരാണ്. ചെറിയ കയത്തിൽ അകപ്പെട്ടാൽ പോലും സ്വയം നീന്തി കയറി രക്ഷപ്പെടാൻ സാധ്യത ഇല്ല. നല്ല നീന്തൽ വശം ഇല്ലാത്തവർക്ക് ഒപ്പം കുളിക്കാൻ പോകുന്നവർ സൂക്ഷിച്ചില്ലെങ്കിൽ അപകടത്തിൽപെടും. ഒരാഴ്ച മുൻപ് തെക്കുംഭാഗം വള്ളക്കടവിൽ കുളിക്കാൻ ഇറങ്ങിയ കല്ലൂർക്കാട് സ്വദേശിയായ പ്ലസ് വൺ വിദ്യാർഥി കയത്തിൽ മുങ്ങിത്താഴ്ന്ന് ഗുരുതരാവസ്ഥയിലായി.
കഴിഞ്ഞ ആഴ്ച ഒളമറ്റം ബവ്റിജസ് കോ ഓപ്പറേഷൻ ഗോഡൗണിൽ ലോഡുമായി എത്തിയ തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവർ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽ പെട്ടു. പുഴയിലെ ആഴമേറിയ ഭാഗത്ത് മുങ്ങി താണ ഡ്രൈവറെ ഗോഡൗണിലെ 2 തൊഴിലാളികളാണ് ചാടി രക്ഷപ്പെടുത്തിയത്. കരയിൽ നിന്നു നോക്കിയാൽ ഒഴുക്ക് തീരെ കുറവായി തോന്നും. അതിനാൽ നീന്തൽ അറിയാത്ത ആളുകളും പുഴയിലേക്ക് ചാടും. ഇതാണ് അപകടത്തിനു കാരണം. പുഴയിൽ പല ഭാഗത്തും വലിയ ആഴത്തിലുള്ള കയം ഉള്ളത് അപകടാവസ്ഥ വർധിക്കുന്നതിനു കാരണമായിരിക്കുകയാണ്. അതുപോലെ പുഴയിൽ മുകളിൽ കാണുന്ന ശാന്തത അല്ല പുഴയിലേക്ക് ഇറങ്ങിയാൽ. നല്ല അടി ഒഴുക്ക് ഉളളതിനാൽ നീന്തൽ അറിയാത്തവർ ഒഴുക്കിൽ പെട്ടാൽ രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ്.
പുഴയിൽ കുളിക്കാൻ എത്തുന്നവർ തികഞ്ഞ ജാഗ്രത കാട്ടി ഇല്ലെങ്കിൽ വലിയ ദുരന്തത്തിനു ഇടയാക്കും എന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ നേരത്തെ തൊടുപുഴ ആറ്റിൽ വീണ് വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ പേരാണു മരിച്ചത്.