ബോർഡ് വച്ചതുകൊണ്ട് എന്തു കാര്യം!: ‘ആനകളുണ്ട്, സൂക്ഷിക്കണം’ എന്ന ബോർഡ് സ്ഥാപിച്ച് വനംവകുപ്പ്

Mail This Article
മറയൂർ ∙ കാന്തല്ലൂരിൽ ജനവാസമേഖലയിലെത്തുന്ന വന്യമൃഗങ്ങളെ ഉൾവനങ്ങളിൽ തുരത്തുന്നതിനു പകരം, ജനങ്ങൾ സൂക്ഷിക്കണമെന്ന അറിയിപ്പുമായി വനംവകുപ്പ് ബോർഡുകൾ സ്ഥാപിക്കുന്നു. കാന്തല്ലൂർ, വെട്ടുകാട് ഭാഗത്തായാണ് ചന്ദന റിസർവ് അതിർത്തി കടന്ന് ആന, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങൾ ജനവാസ മേഖലയിലെത്തുന്നത്. ഇതിലൂടെ കടക്കുന്ന കാട്ടാനകളെ ഉൾവനത്തിലേക്കു തുരത്തുന്നതിനു പകരം വനംവകുപ്പ് സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളിലൂടെ കടന്നുപോകുന്ന റോഡിലാണ് ‘ആനകളുണ്ട്, സൂക്ഷിക്കണം’ എന്ന ബോർഡ് സ്ഥാപിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ റോഡിന് ഇരുവശവും ഏക്കർ കണക്കിനു പ്രദേശം കൃഷിയിടവും ജനവാസമേഖലയുമാണ്.
മുൻപെങ്ങും ഇല്ലാത്ത തരത്തിൽ കഴിഞ്ഞ 6 വർഷത്തിലാണ് പ്രദേശത്ത് കാട്ടാനശല്യം അതിരൂക്ഷമായത്. നാൽപതോളം കാട്ടാനകൾ ഇതിനോടകം ഹെക്ടർ കണക്കിന് കൃഷിവിളകൾ നശിപ്പിക്കുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്തെങ്കിലും പരിഹാരം കണ്ടെത്തുന്നതിനു പകരം അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയാണ് വനംവകുപ്പ് ചെയ്തിരിക്കുന്നത്. ജനവാസമേഖലയിലേക്ക് ആനകൾ കടക്കുന്ന ഭാഗങ്ങളിൽ വാച്ചർമാരെ നിയമിക്കുകയോ വൈദ്യുതവേലി പോലുള്ള സംരക്ഷണ മാർഗങ്ങൾ നിർമിക്കുകയോ ചെയ്താൽ പ്രശ്നം പരിഹരിക്കാമെന്നിരിക്കെയാണ് വനംവകുപ്പിന്റെ ഈ നടപടി.