വെള്ളം കയറി കൃഷി നശിച്ചു

Mail This Article
തൊടുപുഴ ∙ കനത്ത മഴയിൽ വെള്ളം കയറി ആലക്കോട് പഞ്ചായത്തിലെ അഞ്ചിരി പാടശേഖരത്തിലും ആലക്കോട് കുറിച്ചിപ്പാടം പാടശേഖരത്തിലും കൊയ്ത്തിനു പാകമായ നെല്ലു നശിച്ചു. അഞ്ചിരി പാടശേഖരത്തിൽ 70 ഏക്കറോളം സ്ഥലത്തും ആലക്കോട് കുറിച്ചിപ്പാടത്ത് 50 ഏക്കറോളം സ്ഥലത്തെയും കൃഷിയാണ് നശിച്ചത്.
അഞ്ചിരിയിൽ 65 ഓളം കർഷകരും, ആലക്കോട് അൻപതോളം കർഷകർക്കുമാണ് നഷ്ടം നേരിട്ടത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹായത്തോടെ ചെയ്ത കൃഷിയാണ് വെള്ളം കയറി നശിച്ചത്. നെല്ല് വീണു കിടക്കുന്നതിനാൽ കൊയ്ത്ത് യന്ത്രം കൊണ്ടു വന്നാലും ഇനി കൊയ്തെടുക്കാൻ കഴിയാത്ത അവസ്ഥയാണെന്നു കർഷകർ പറയുന്നു.
നെല്ലു വിളഞ്ഞാലും കൊയ്തെടുക്കാൻ ആളുകളെയും കിട്ടാത്തതിനാലും കനത്ത സാമ്പത്തിക നഷ്ടവും മൂലം പലരും കൃഷിയിൽ നിന്നു പിൻമാറാൻ നിർബന്ധിതരായിരുന്നു. എന്നാൽ പഞ്ചായത്തും കൃഷി വകുപ്പും പ്രോത്സാഹനം നൽകിയാണു പല കർഷകരെയും വീണ്ടും കൃഷിയിലേക്ക് ഇറക്കിയത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ തുടർച്ചയായ മഴയിൽ ഒട്ടേറെ ഭാഗങ്ങളിൽ വെള്ളം കയറി പല കർഷകരുടെയും നെല്ല് പൂർണമായും നശിച്ച അവസ്ഥയിലാണ്. ഇനി കൊയ്തു മാറ്റിയാലും നെല്ലു കിട്ടുമോ എന്നാണു കർഷകരുടെ ആശങ്ക.
'ആലക്കോട് പഞ്ചായത്തിലെ പാടശേഖരത്തിലെ കർഷകർ വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണു കൂടുതലും കൃഷി ചെയ്തിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകാൻ നടപടി ഉണ്ടാകണം. അതുപോലെ നെൽകൃഷിയും കൊയ്ത്തും ഉൾപ്പെടെ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി കർഷകർക്ക് സഹായം നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണം. -ടോമി കാവാലം .ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ്.