ഇടുക്കി ജില്ലയിലെ താലൂക്കുകൾ ഇനി കടലാസ് രഹിതം
Mail This Article
തൊടുപുഴ ∙ ജില്ലയിലെ 5 താലൂക്ക് ഓഫിസുകളും ഇനി കടലാസ് രഹിതം. താലൂക്കുകളുടെ ഇ- ഓഫിസ് സംവിധാനം കലക്ടർ ഷീബ ജോർജ് ഉദ്ഘാടനം ചെയ്തു. സേവനങ്ങൾ സുതാര്യവും സമയബന്ധിതവുമാക്കുക എന്ന ലക്ഷ്യത്തോടെ സെക്രട്ടേറിയറ്റിലടക്കം സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ ഇ-ഓഫിസ് സംവിധാനം നടപ്പാക്കുകയാണ്. ആധുനിക സാങ്കേതികവിദ്യയുടെ ശരിയായ വിനിയോഗത്തിലൂടെ ഫയലുകളിൽ തീരുമാനമെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കുക എന്നതാണ് ഇ-ഓഫിസ് സംവിധാനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ വികസിപ്പിച്ച സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പ്രവർത്തനം. സാങ്കേതിക സഹായം സംസ്ഥാന ഐടി മിഷനാണ്. ജില്ലയിൽ ഐടി മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ നേതൃത്വത്തിലുള്ള ടീമാണ് പ്രവർത്തിക്കുന്നത്. ഇവർ ജില്ലാതലത്തിലും താലൂക്ക് തലത്തിലും വേണ്ട സാങ്കേതിക സഹായം നൽകും.
താലൂക്കുകളിൽ പീരുമേട്, ഇടുക്കി, ദേവികുളം, ഉടുമ്പൻചോല, തൊടുപുഴ താലൂക്കുകളിലാണ് ഇ-ഓഫിസ് സംവിധാനം സജ്ജമാക്കിയത്. കലക്ടറുടെ ചേംബറിൽ ചേർന്ന ഓൺലൈൻ ഉദ്ഘാടന യോഗത്തിൽ കലക്ടർ ഷീബ ജോർജ്, അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് ഷൈജു പി.ജേക്കബ് എന്നിവരും 5 താലൂക്കുകളിലായി തഹസിൽദാർമാർ, താലൂക്ക് ഓഫിസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.