അൻപതേക്കർ മേഖലയിൽ ചന്ദനമര മോഷണശ്രമം

Mail This Article
നെടുങ്കണ്ടം ∙ തൂക്കുപാലം അൻപതേക്കർ മേഖലയിൽ ചന്ദനമരങ്ങൾ മോഷ്ടിക്കാൻ വീണ്ടും ശ്രമം. 36 സെന്റീമീറ്റർ വലുപ്പമുള്ള ചന്ദന മരങ്ങളാണ് മോഷ്ടാക്കൾ മുറിച്ചിട്ടത്. കല്ലാർ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ബി.ഉദയഭാനു, ബീറ്റ് ഫോറസ്റ്റ് ഓഫിസർ പി.എസ്. നിഷാദ് എന്നിവരടങ്ങിയ സംഘം സ്ഥലത്ത് പരിശോധന നടത്തി.
തൂക്കുപാലത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ 53 സെന്റീമീറ്റർ വ്യാസവും 6 മീറ്റർ നീളവുമുള്ള ചന്ദന തടിക്കഷണം മുറിച്ചിട്ട നിലയിൽ ഒരാഴ്ച മുൻപും കണ്ടെത്തിയിരുന്നു. മറ്റൊന്ന് കാതൽ പരിശോധിക്കാനായി മോഷ്ടാക്കൾ പകുതി മുറിച്ച നിലയിലും കണ്ടെത്തി. കുരുവിക്കാനത്തും ചന്ദനത്തടി മുറിച്ചിട്ട നിലയിൽ വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
രണ്ടാഴ്ചയ്ക്കിടെ അഞ്ചിലധികം ചന്ദനമര മോഷണ കേസുകളാണ് മേഖലയിൽ റിപ്പോർട്ട് ചെയ്തത്. ചന്ദനമോഷണം വ്യാപകമായ സാഹചര്യത്തിൽ കുമളി റേഞ്ച് ഓഫിസർ അനിൽ കുമാർ പരിശോധന നടത്താൻ പ്രത്യേക സംഘങ്ങളെ കേരള, തമിഴ്നാട് അതിർത്തി മേഖലയിൽ വിന്യസിച്ചു.