കട്ടപ്പനയിൽ ‘പുലികളും’ മാവേലിമാരും ‘കട്ടയ്ക്ക് ’
![ഓണാഘോഷത്തിന്റെ ഭാഗമായി കട്ടപ്പനയിൽ സംഘടിപ്പിച്ച സാംസ്കാരിക റാലിയോട് അനുബന്ധിച്ച് അണിനിരന്ന മാവേലി വേഷധാരികൾ. ഓണാഘോഷത്തിന്റെ ഭാഗമായി കട്ടപ്പനയിൽ സംഘടിപ്പിച്ച സാംസ്കാരിക റാലിയോട് അനുബന്ധിച്ച് അണിനിരന്ന മാവേലി വേഷധാരികൾ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/idukki/images/2022/9/7/idukki-kattappana-onam-celebration-cultural-rally.jpg?w=1120&h=583)
Mail This Article
കട്ടപ്പന ∙ മഴ മാറി നിന്ന സായാഹ്നത്തിൽ പുലികളിയും മാവേലിമാരും കയ്യടക്കി കട്ടപ്പന. സമീക്ഷ സാംസ്കാരിക വേദിയുടെയും ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെയും നേതൃത്വത്തിൽ കട്ടപ്പന പൗരാവലിയുടെയും വിവിധ സാമൂഹിക-സാംസ്‌കാരിക-സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നടത്തിയ സാംസ്കാരിക റാലിയും മാവേലി മഹോത്സവവുമാണ് നഗരത്തിന് ഉത്സവഛായ പകർന്നത്. ടൗൺ ഹാൾ പരിസരത്തു നിന്നാരംഭിച്ച റാലിയിൽ പുലികളിയും മാവേലി മന്നൻമാരും ഗരുഡൻ പറവയും കഥകളിയും തെയ്യക്കോലവുമെല്ലാം അണിചേർന്നു.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സമീക്ഷ ഡയറക്ടർ ഫാ.ജോസ് ആന്റണി അധ്യക്ഷത വഹിച്ചു. സിജോ എവറസ്റ്റ്, സിബി കൊല്ലംകുടി, സിജോമോൻ ജോസ്, പി.കെ.ഗോപി, ബിജു മാധവൻ, ഗോപാലകൃഷ്ണൻ നായർ, ജോർജ് വേഴമ്പത്തോട്ടം, ഷാജി നെല്ലിപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കേരള ആർട്ടിസ്റ്റ് ഫ്രറ്റേനിറ്റിയുടെ നേതൃത്വത്തിൽ ഗാനമേളയും നടന്നു.