ഉത്തരവാദിത്തമില്ലായ്മയ്ക്ക് 130 ഉദാഹരണങ്ങൾ: പിന്നാക്ക വിഭാഗക്കാരെ അധിവസിപ്പിക്കുന്നതിനായി നിർമിച്ച വീടുകൾ നശിക്കുന്നു

Mail This Article
മറയൂർ∙ കിടപ്പാടമില്ലാതെ ആയിരങ്ങൾ വലയുമ്പോഴും കോടികൾ മുടക്കിയ വീടുകൾ കാന്തല്ലൂരിൽ കാടുകയറി നശിക്കുന്നു. കർശനാട് പെരിയവയൽ, മിഷൻവയൽ തുടങ്ങിയ പ്രദേശങ്ങളിൽ നിർമാണം പൂർത്തിയായ നൂറ്റിമുപ്പതോളം വീടുകളാണ് ഇഴജന്തുക്കൾക്കും മറ്റും താവളമായി നശിക്കുന്നത്. 2001-2006ൽ യുഡിഎഫ് ഭരണ കാലത്താണ് മൂന്നാർ പഞ്ചായത്തിലെ പിന്നാക്ക വിഭാഗക്കാരെ അധിവസിപ്പിക്കുന്നതിനായി പട്ടിക വർഗ വികസന വകുപ്പിലൂടെ പ്രദേശത്ത് സ്ഥലം വാങ്ങി വീട് നിർമിച്ചത്. എന്നാൽ നിർമാണം പൂർത്തിയാക്കി 10 വർഷം പിന്നിട്ടും ഈ വീടുകളിലേക്ക് ഉപഭോക്താക്കൾ മാത്രമെത്തിയില്ല.

തോട്ടം മേഖലയിൽ വസിക്കുന്ന ഗുണഭോക്താക്കൾക്ക് ഇവിടത്തെ അന്തരീക്ഷത്തിൽ താമസിക്കാൻ താൽപര്യം ഇല്ലെന്നതാണ് പ്രധാന കാരണമായി പറയുന്നത്. ഇതിൽ മിക്ക വീടുകൾക്കും കുഴൽക്കിണറുൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയതുമാണ്. നിലവിൽ ഈ പ്രദേശമാകെ കാടുകയറിയിരിക്കുകയാണ്. മിക്ക കെട്ടിടങ്ങളും കൃത്യമായ പരിപാലനമില്ലാതെ നശിക്കുകയുമാണ്. ഈ സ്ഥലത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച് അർഹരായവർക്ക് നൽകണമെന്നാണ് പൊതുപ്രവർത്തകരുടെ ആവശ്യം.