കാറുകൾ കൂട്ടിയിടിച്ചു; പിഞ്ചുകുഞ്ഞ് ഉൾപ്പെടെ ആറു പേർക്ക് പരുക്ക്

Mail This Article
തൊടുപുഴ ∙ കോലാനി ജക്‌ഷനിൽ ചൊവ്വാഴ്ച രാത്രി ഉണ്ടായ കാറപകടത്തിൽ പിഞ്ചു കുഞ്ഞ് ഉൾപ്പെടെ ആറു പേർക്ക് പരുക്ക്. ഒരാളുടെ പരുക്ക് ഗുരുതരം. തിരുവനന്തപുരത്ത് നിന്ന് തൊടുപുഴയിലേക്ക് വന്ന കാറിലേക്ക് പാലാ റൂട്ടിലേക്ക് പോയ കാർ ഇടിക്കുകയായിരുന്നു. തൊടുപുഴയിലേക്ക് വന്ന വാഹനത്തിലുണ്ടായിരുന്ന രാജാക്കാട് സ്വദേശികളായ ചിഞ്ചു, മകൻ ഒരു മാസം പ്രായമുള്ള ഡെറിക് സജി, ബന്ധുക്കളായ ബിജോ, ജിനിൽ, പാലാ ഭാഗത്തേക്ക് പോയ കാറിലുണ്ടായിരുന്ന മണക്കാട് സ്വദേശി രോഹിത്, പണ്ടപ്പിള്ളി സ്വദേശി ബിബിൻ എന്നിവർക്കാണ് പരുക്കേറ്റത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ചിഞ്ചുവിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ചിഞ്ചുവിന്റെ അമ്മ മോളി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. രാത്രി എട്ടോടെയാണ് സംഭവം. തൊടുപുഴ ഭാഗത്ത് നിന്ന് തെറ്റായ ദിശയിൽ വന്ന കാർ രാജാക്കാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിച്ചു കയറുക ആയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. നേർക്ക് നേരെയുള്ള ഇടിയിൽ കാറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ഒരു കാർ സമീപത്ത് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ച തൂണിൽ ഇടിച്ചാണ് നിന്നത്.
നാട്ടുകാരും മറ്റ് വാഹനങ്ങളിൽ എത്തിയവരും രക്ഷാപ്രവർത്തനം നടത്തി. സംഭവമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനയുടേയും പൊലീസിന്റെയും സഹായത്തോടെ വാഹനങ്ങളിൽ ഉണ്ടായിരുന്നവരെ പുറത്തിറക്കി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. വിദേശ യാത്രക്കായുള്ള മെഡിക്കൽ പരിശോധനയ്ക്കായി തിരുവനന്തപുരത്ത് പോയി തിരിച്ചു വരികയായിരുന്നു രാജാക്കാട് സ്വദേശികൾ.