കട്ടപ്പന നഗരസഭാ യോഗത്തിൽ സെക്രട്ടറി-ഭരണപക്ഷ വാഗ്വാദം
![കട്ടപ്പന നഗരസഭാ യോഗത്തിൽ സെക്രട്ടറിയും ഭരണപക്ഷ കൗൺസിലർമാരും തമ്മിൽ വാക്കുതർക്കം ഉണ്ടായപ്പോൾ. കട്ടപ്പന നഗരസഭാ യോഗത്തിൽ സെക്രട്ടറിയും ഭരണപക്ഷ കൗൺസിലർമാരും തമ്മിൽ വാക്കുതർക്കം ഉണ്ടായപ്പോൾ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/idukki/images/2023/2/11/idukki-kattappana-municipal-council-meeting-story.jpg?w=1120&h=583)
Mail This Article
കട്ടപ്പന ∙ നഗരസഭ വക സ്ഥാപനങ്ങൾ ലേലം ചെയ്യാതെ നിശ്ചിത തുക വർധിപ്പിച്ച് നിലവിലുള്ളവർക്ക് കരാർ പുതുക്കി നൽകാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിൽ സെക്രട്ടറിയും ഭരണകക്ഷി അംഗങ്ങളും തമ്മിൽ രൂക്ഷമായ വാഗ്വാദം. ലേലം ചെയ്യാതെ 15 ശതമാനം തുക വർധിപ്പിച്ച് നൽകാനുള്ള തീരുമാനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന സെക്രട്ടറിയുടെ ആവശ്യമാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ബസ് സ്റ്റാൻഡിലെ ഫീസ് പിരിവ്, പഴയ ബസ് സ്റ്റാൻഡിലെ പാർക്കിങ് ഏരിയ, സസ്യമാർക്കറ്റ്, കംഫർട്ട് സ്റ്റേഷൻ, മൈതാനം ഫീസ് പിരിവ്, ഫിഷ് സ്റ്റാൾ, സ്ലോട്ടർ ഹൗസ്, മാംസ സ്റ്റാൾ തുടങ്ങിയവയുടെ കരാർ പുതുക്കി നൽകാനുള്ള തീരുമാനമാണ് വാക്കേറ്റത്തിന് വഴിയൊരുക്കിയത്.
ഇപ്പോഴത്തെ തുകയുടെ 10 ശതമാനം വർധിപ്പിച്ച് കരാർ പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ട് നിലവിലെ കരാറുകാർ നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു. തുക വർധിപ്പിച്ച് നൽകാതെ ലേലം ചെയ്യണമെന്ന് സിപിഐ പ്രതിനിധി ബിന്ദുലത രാജു ആവശ്യപ്പെട്ടു. ലേലം ചെയ്യാതെ കരാർ പുതുക്കി നൽകാനാണ് തീരുമാനമെങ്കിൽ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് ഭരണപക്ഷ അംഗം പ്രശാന്ത് രാജുവും നിലപാടെടുത്തു.
മുൻപ് കരാർ ഏറ്റെടുത്തവരിൽ ചിലർ വീണ്ടും കരാർ ഏറ്റെടുക്കാൻ രംഗത്തുണ്ടെന്നും ഇവർ അന്നത്തെ മുഴുവൻ തുകയും നഗരസഭയിൽ അടയ്ക്കാത്തതിനാൽ നടപടികൾ നേരിടുന്നവരാണെന്നും ഭരണപക്ഷ അംഗം ജോയി വെട്ടിക്കുഴി പറഞ്ഞു. ഇപ്പോഴത്തെ നടത്തിപ്പുകാരിൽ ആർക്കും കുടിശിക ഇല്ലാത്തതിനാൽ 15 ശതമാനം തുക വർധിപ്പിച്ച് കരാർ പുതുക്കി നൽകുന്നതാകും ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
ഈ തീരുമാനത്തെ പ്രതിപക്ഷത്തെ ഒരു വിഭാഗവും അനുകൂലിച്ചു. എന്നാൽ, ഇക്കാര്യത്തിന്റെ തന്റെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടു. ഇതോടെ ഭരണപക്ഷ, പ്രതിപക്ഷ അംഗങ്ങളിൽ ഒരുവിഭാഗം പ്രതിഷേധവുമായി എഴുന്നേറ്റു. യോഗതീരുമാനം സെക്രട്ടറി നടപ്പാക്കിയാൽ മതിയെന്ന നിലപാടിലായിരുന്നു അവർ. ഇതാണ് രൂക്ഷമായ വാക്കേറ്റത്തിന് ഇടയാക്കിയത്. എന്നാൽ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന നിലപാടിൽ സെക്രട്ടറി ഉറച്ചു നിന്നു.