വഴിയോരങ്ങൾക്ക് തണുപ്പേകി ശീതളപാനീയ വിപണി

Mail This Article
തൊടുപുഴ∙ പൊള്ളുന്ന ചൂടിൽ അൽപം ആശ്വാസം പകരാൻ വഴിയോരങ്ങൾ ഒരുങ്ങി. കരിക്കും കരിമ്പുമൊക്കെയായി ശീതളപാനീയ വിപണി ഉണർന്നു. ചൂടുകൂടിയതോടെ ഇടനേരങ്ങളിലെ ചായയുടെയും കാപ്പിയുടെയും സ്ഥാനം ശീതളപാനീയങ്ങൾ കയ്യടക്കി. വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ലക്ഷ്യമിട്ട് കരിക്കും പനനങ്കും കരിമ്പിൻ ജൂസും തണ്ണിമത്തനുമെല്ലാം വഴിയോരങ്ങളിൽ നിരന്നുകഴിഞ്ഞു. ചൂടിനു കാഠിന്യമേറിയതോടെ കച്ചവടക്കാർക്ക് ശ്വാസം കഴിക്കാൻ നേരമില്ലാത്തത്ര തിരക്കാണ്. ആളുകൾക്കു പ്രിയവും വിശ്വാസവും ഏറെ ഇളനീരിനോടാണ്.
50 രൂപയാണ് കരിക്കിന് വില. നാടൻ കരിക്കിന് പുറമേ തമിഴ്നാട്ടിൽ നിന്നുള്ള കരിക്കും വിപണിയിലുണ്ട്. പാതയോരങ്ങളിൽ തണൽപറ്റി കരിമ്പിൻ ജൂസ് എന്നിവയുടെ വിൽപനയും തകൃതിയായി നടക്കുന്നു. 30 രൂപ നിരക്കിലാണ് വിൽപന. തണ്ണിമത്തൻ കച്ചവടവും വർധിച്ചിട്ടുണ്ടെങ്കിലും കൃത്രിമ നിറം കുത്തിവയ്ക്കുന്നതായുള്ള വാർത്തകൾ മുൻപ് കേട്ടതിനെ തുടർന്ന് പലരും ഒഴിവാക്കുന്നുണ്ട്. സാധാരണ തണ്ണിമത്തനും, ‘കിരൺ’ ഇനത്തിനും കിലോയ്ക്ക് 15മുതൽ 20 രൂപ വരെയാണ് ഈടാക്കുന്നത്. തണ്ണിമത്തൻ ജ്യൂസിനു 30 രൂപയാണു പല കടകളിലും വില.
പച്ചമുളകും കറിവേപ്പിലയും ഉപ്പും ചേർത്ത ‘ഹോട്ട്’ സംഭാരത്തിനും പ്രിയമേറിയിട്ടുണ്ട്. ബേക്കറികളിലും ജ്യൂസ് പാർലറുകളിലും ഫ്രഷ് ലൈം, സോഡാ നാരങ്ങാവെള്ളം, ഫ്രഷ് ജ്യൂസുകൾ, ഷേക്കുകൾ എന്നിവയ്ക്ക് ആവശ്യക്കാർ കൂടിയിട്ടുണ്ട്. 40–60 രൂപയാണ് ഫ്രഷ് ജ്യൂസുകൾക്ക് ശരാശരി വില. ചൂടു കൂടിയതോടെ കുപ്പിവെള്ളത്തിന്റെ വിൽപനയിലും വർധനയുണ്ടായിട്ടുണ്ട്. മുന്തിരി, ഓറഞ്ച് തുടങ്ങിയ പഴവർഗങ്ങളുടെയും വഴിയോരവിൽപന പൊടിപൊടിക്കുകയാണ്.