ADVERTISEMENT

തൊടുപുഴ ∙ നഗര വികസനത്തിനു മുതൽക്കൂട്ടാകുന്ന തൊടുപുഴ പുഴയോരം ബൈപാസ് നിർമാണം ഏറെക്കുറെ പൂർത്തീകരിച്ചെങ്കിലും പ്രവേശന കവാടത്തിലെ കെട്ടിടം പൊളിച്ചുനീക്കാത്തതിനാൽ റോഡിന്റെ  പ്രയോജനം നഗരവാസികൾക്കു ലഭിക്കുന്നില്ല. പാലാ റോഡിൽ നിന്ന് പുഴയോരം ബൈപാസിലേക്ക് പ്രവേശിക്കുന്ന ധന്വന്തരി ജംക്‌ഷനിലാണ് ഒരു ഭാഗത്തെ കെട്ടിടം പൊളിച്ചുനീക്കാൻ കഴിയാത്തത്. ഇതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്ന് പൊതുമരാമത്ത് അധികൃതരും ജനപ്രതിനിധികളും പറയുന്നുണ്ടെങ്കിലും നടപടികൾ ഒച്ചിഴയും വേഗത്തിലാണ്. അതേസമയം എതിർ വശത്തുള്ള കെട്ടിടത്തിന്റെ ഭാഗം പൊളിച്ചുനീക്കുകയും ചെയ്തിട്ടുണ്ട്.

റോഡിന്റെ പ്രവേശന ഭാഗത്തെ കെട്ടിടവും ഇതിനു സമീപം മറ്റു ചില വ്യക്തികളുടെ മതിലും കെട്ടിടങ്ങളും പൊളിച്ചു വീതികൂട്ടി എടുക്കാനുണ്ടെന്നാണ് അധികൃതർ പറയുന്നത്. വെങ്ങല്ലൂർ പാലത്തിന്റെ സമീപത്തു നിന്ന് ആരംഭിച്ച് പാലാ റോഡിൽ ധന്വന്തരി ജംക്‌ഷനിൽ എത്തുന്ന 1.7 കിലോമീറ്റർ ദൂരമുള്ള ബൈപാസിൽ ഭൂരിഭാഗം റോഡും പുഴയോരത്തു കൂടിയാണ് പോകുന്നത്. അതിനാൽ തന്നെ ഈ ബൈപാസിലൂടെയുള്ള യാത്ര ജനങ്ങൾക്ക് ഏറെ കുളിർമ പകരുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്. പുഴയോരത്ത് കൂടി പോകുന്ന റോഡിന്റെ വശങ്ങളിൽ എല്ലായിടത്തും ക്രാഷ് ബാരിയറുകളും മറ്റും സ്ഥാപിച്ച് വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന നിർദേശം ഉണ്ടെങ്കിലും പല ഭാഗത്തും ഇപ്പോഴും ഓരോ കുറ്റികൾ മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്.  

ഇതിനിടെ നിർമാണം പൂർത്തിയാകാത്ത റോഡിലൂടെയുള്ള വാഹന ഗതാഗതം വൻ അപകടങ്ങൾക്ക് കാരണമാകുമെന്നും ഗതാഗതം നിരോധിക്കണമെന്നും എൻഫോഴ്സ്മെന്റ് ആർടിഒ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബറിൽ റോഡിലെ ഗതാഗതം നിരോധിക്കാൻ കലക്ടർ നിർദേശം നൽകിയിരുന്നു. ഇതെ തുടർന്ന് റോഡിൽ വീപ്പകളും മറ്റും സ്ഥാപിച്ച് ഗതാഗതം നിരോധിച്ചിരുന്നു.

ഇപ്പോൾ റോഡിന്റെ ഭൂരിഭാഗം പണികളും പൂർത്തീകരിച്ച സാഹചര്യത്തിൽ  റോഡ് ഔദ്യോഗികമായി തുറന്നു കൊടുത്തിട്ടില്ലെങ്കിലും ഇതുവഴി രാപകലില്ലാതെ നൂറുകണക്കിനു വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. പുഴയോര ബൈപാസ് റോഡും പുഴയുമായി രണ്ടര മീറ്റർ അകലമേയുള്ളൂ. പുഴയും റോഡും തമ്മിൽ വേർതിരിക്കാൻ ക്രാഷ് ബാരിയറുകൾ എല്ലായിടത്തും സ്ഥാപിക്കണമെന്നാണ് നിർദേശം. റോഡ് മാർക്കിങ്ങുകൾ, മുന്നറിയിപ്പ് ബോർഡുകൾ, വഴിവിളക്കുകൾ, റിഫ്ലക്ടീവ് പോസ്റ്റുകൾ, പാരപ്പറ്റുകൾ എന്നിവയും റോഡിൽ നിർമിക്കണമെന്ന് നിർദേശമുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com