ADVERTISEMENT

തൊടുപുഴ ∙ ജില്ലയിൽ കലിതുള്ളിയെത്തിയ തുലാമഴ കവർന്നത് ഒട്ടേറെ ജീവിതവും ഒരു ജീവനും. ശാന്തൻപാറയിലും മൂന്നാർ, നെടുങ്കണ്ടം മേഖലകളിലുമാണു മഴ നാശം വിതച്ചത്. വീടുകളും കൃഷിസ്ഥലങ്ങളും റോഡുകളും പാലങ്ങളും മലവെള്ളപ്പാച്ചിലിൽ തകർന്നു. ജില്ലയിൽ വ്യാഴാഴ്ചവരെ യെലോ അലർട്ട് പ്രഖ്യാപിച്ചു. മുൻകാലങ്ങളിൽ വലിയ മഴദുരന്തങ്ങൾക്കു മുന്നിൽ നിസ്സഹായരായ മലയോര മേഖലയിലെ ജനങ്ങൾ ഒറ്റ ദിവസത്തെ മഴയേൽപിച്ച ആഘാതത്തിൽ വിറങ്ങലിച്ചു നിൽക്കുന്നു.

ഞെട്ടൽ മാറാതെ പേത്തൊട്ടി
2018 ലെ പ്രളയത്തിൽ പോലും ശാന്തൻപാറ പേത്തൊട്ടി നിവാസികൾ ഇത്രയും മഴക്കെടുതികൾ നേരിട്ടിട്ടില്ല. ഞായറാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ 50 ഏക്കറിലധികം ഭൂമിയാണു കൃഷിയോഗ്യമല്ലാതായി മാറിയത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ കൊണ്ടു മാത്രമാണ് ആളപായമൊഴിവായത്. ശനിയാഴ്ചയും പ്രദേശത്തു കനത്തമഴയാണ് പെയ്തത്. ഞായറാഴ്ച പകൽ സമയത്തെ തെളിഞ്ഞ ആകാശം കണ്ട് ആശ്വസിച്ച നാട്ടുകാരെ ഭയാശങ്കയിലാഴ്ത്തി വൈകിട്ടു 3 മുതൽ ചെറിയ തോതിൽ മഴ തുടങ്ങി. പിന്നീടു മഴയുടെ ശക്തി കൂടി ചെറിയ തോടുകളെല്ലാം കരകവിഞ്ഞൊഴുകി. രാത്രി 11 വരെ മഴ തുടർന്നുവെന്നാണു നാട്ടുകാർ പറയുന്നത്. 9നാണ് കച്ചിറയിൽ മിനി ബെന്നിയുടെ വീട്ടിലേക്ക് ഉരുൾപൊട്ടി മലവെള്ളം ഒഴുകിയെത്തിയത്.

മിനിയും മക്കളായ അജിത്ത്, അഭിജിത്ത്, മരുമകൾ സിൻഷ എന്നിവരും ഇൗ സമയം വീട്ടിലുണ്ടായിരുന്നു. ഇവർ അറിയിച്ചതിനെ തുടർന്നു നാട്ടുകാരിൽ ചിലർ ഓടിയെത്തി മിനിയെയും കുടുംബാംഗങ്ങളെയും സമീപത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റി. മിനിയുടെ വീടിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുറ്റത്ത് പാർക്കു ചെയ്തിരുന്ന സ്കൂട്ടറും മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി. ഉരുൾപൊട്ടിയതറിഞ്ഞ് പ്രദേശത്തെ പത്തിലധികം വീടുകളിൽ നിന്നുള്ളവരെ നാട്ടുകാരും ദ്രുതപ്രതികരണ സേനയും ചേർന്നു സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. ഇതേസമയംതന്നെ പേത്തൊട്ടിയിൽനിന്നു ദളം ഭാഗത്തേക്ക് പോകുന്ന വഴിയിലും ചെറിയ ഉരുൾപൊട്ടലുണ്ടായി കൃഷിയിടങ്ങളിൽ വെള്ളം കയറി.

ദളം സ്വദേശി ലിംഗേശ്വരന്റെ വീടിനു കേടുപാടുകൾ സംഭവിക്കുകയും വീട്ടുമുറ്റത്തു പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മണ്ണിനടിയിലാകുകയും ചെയ്തു. സ്വാമിരാജ് എന്നയാളുടെ വീടിനും മലവെള്ളപ്പാച്ചിലിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചെട്ടിപ്പറമ്പിൽ ബെന്നി,വനരാജ് എന്നിവരുടെ കൃഷിയിടങ്ങളും ഉരുളെടുത്തു. അതിന് ശേഷമാണ് അയ്യൻപാറയ്ക്കു സമീപം പരേതനായ രാംദാസ് എന്നയാളുടെ വീട്ടിലേക്കും മലവെള്ളം ഇരച്ചെത്തിയത്. രാംദാസിന്റെ കുടുംബവും ഇൗ സമയം വീട്ടിലുണ്ടായിരുന്നില്ല. പേത്തൊട്ടി സ്വദേശികളായ മുത്തയ്യ, പാലീശ്വരി ദമ്പതികളുടെ വീടിനും കനത്ത നാശനഷ്ടമുണ്ടായി. സിങ്കരാജ്, നീലമേഘം, പനീർ, ജയപ്രകാശ് എന്നിവരുടെ ഏക്കർ കണക്കിന് ഏലത്തോട്ടങ്ങളാണു മലവെള്ളപ്പാച്ചിലിൽ നശിച്ചത്.

ചെറിയ തോടുകൾ കരകവിഞ്ഞു, റോഡ്  ബ്ലോക്കായി
ഉരുൾപൊട്ടിയതറിഞ്ഞു ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽനിന്നും ഉദ്യോഗസ്ഥർ ഉടൻ തന്നെ പേത്തൊട്ടിയിലേക്കു പോയിരുന്നു. എന്നാൽ പേത്തൊട്ടി ഗുരുമന്ദിരത്തിനു സമീപമുള്ള പാലത്തിനു മുകളിലൂടെ വെള്ളം കയറി ഒഴുകി റോഡ് ബ്ലോക്കായതിനാൽ പൊലീസിന് ഇവിടേക്ക് പ്രവേശിക്കാനായില്ല. തുടർന്നു മതികെട്ടാൻ കോളനി പാറ വഴി ഒരു കിലോമീറ്ററിലധികം നടന്നാണു പൊലീസ് സംഭവ സ്ഥലത്തെത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ സമയബന്ധിതമായി രക്ഷാപ്രവർത്തനം നടത്തിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. 

കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ബോഡിമെട്ടിനു സമീപവും മണ്ണിടിഞ്ഞു വീണ് ഇന്നലെ പുലർച്ചെ 4 മുതൽ രാവിലെ 7 വരെ ഗതാഗതം തടസ്സപ്പെട്ടു. ശാന്തൻപാറ പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകളിൽ പത്തോളം സ്ഥലത്താണു മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടത്. മൂന്നാർ – കുമളി സംസ്ഥാന പാതയിൽ വെള്ളക്കൽത്തേരിക്കു സമീപവും ഞായറാഴ്ച രാത്രി മണ്ണിടിഞ്ഞു മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

ദുരിതാശ്വാസ ക്യാംപ് തുറന്നു
ശാന്തൻപാറ പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു. ശാന്തൻപാറ ഗവ. ഹൈസ്കൂളിലാണ് ക്യാംപ്.ഇതര സംസ്ഥാനക്കാർ അടക്കം 100 പേരെ ഇങ്ങോട്ടു മാറ്റും. കൃഷിയും കൃഷി ഭൂമിയും നഷ്ടപെട്ടവർക്കു ധനസഹായം ലഭ്യമാക്കാൻ പഞ്ചായത്ത് ഹെൽപ് ഡെസ്ക് ആരംഭിക്കും. മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വാട്സാപ് ഗ്രൂപ്പ് ആരംഭിക്കാനും തീരുമാനിച്ചു.  അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു നീക്കാൻ വനം വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്

കര കവിഞ്ഞ് പന്നിയാർ
രാജകുമാരി∙ ശനിയും ഞായറുമുണ്ടായ കനത്ത മഴയിൽ ആനയിറങ്കൽ ജലാശയത്തിൽനിന്ന് ഉദ്ഭവിക്കുന്ന പന്നിയാർ പുഴ കര കവിഞ്ഞാെഴുകി പൂപ്പാറ മുതൽ പൊന്മുടി വരെയുള്ള പ്രദേശങ്ങളിൽ സൃഷ്ടിച്ചതു വൻ നാശനഷ്ടം.ശാന്തൻപാറ, ചേരിയാർ, പുത്തടി എന്നിവിടങ്ങളിൽനിന്നു പന്നിയാർ പുഴയിൽ ചേരുന്ന തോടുകളിലൂടെ ഒഴുകിയെത്തിയെ മലവെള്ളമാണു പന്നിയാർ കര കവിഞ്ഞൊഴുകാൻ കാരണം. എന്നാൽ പന്നിയാറിന്റെ ഉത്‌ഭവ സ്ഥാനമായ ആനയിറങ്കൽ ജലാശയത്തിൽ ജലനിരപ്പ് ഉയർന്നിട്ടില്ല. 1207.02 മീറ്ററാണ് ആനയിറങ്കൽ ജലാശയത്തിന്റെ പരമാവധി സംഭരണ ശേഷി. 1203.56 മീറ്ററായിരുന്നു ജലാശയത്തിലെ ഇന്നലത്തെ ജലനിരപ്പ്.

പരമാവധി സംഭരണ ശേഷി പിന്നിട്ടാൽ അണക്കെട്ടിലെ സ്ലൂയിസ് വാൽവ് വഴി വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങും. 2018 ലെ പ്രളയത്തിൽപോലും പന്നിയാർ പുഴയെ ഇത്രയും രൗദ്രഭാവത്തിൽ കണ്ടിട്ടില്ലെന്നു പുഴയുടെ ഇരു കരകളിലുമുള്ളവർ പറയുന്നു. പേത്തൊട്ടിയിൽ 3 സ്ഥലങ്ങളിലും ഉരുൾ പൊട്ടിയെത്തിയ മലവെള്ളം പന്നിയാറിലാണു വന്നു ചേർന്നത്. ഇതുകൂടാതെ ചേരിയാർ, പുത്തടി തോടുകളും കവിഞ്ഞൊഴുകിയെത്തിയത് പന്നിയാറിലേക്കാണ്. പിണക്കാടൻസിറ്റി പാലത്തിനു മുകളിലൂടെയാണു വെള്ളം പന്നിയാറിലേക്ക് ഒഴുകിയെത്തിയത്. ഇരു കരകളിലുമുള്ള ഏക്കർ കണക്കിനു കൃഷിയിടങ്ങളിലൂടെ ഒഴുകിയ വെള്ളം ഇല്ലിപ്പാലം ചപ്പാത്തിനു സമീപമെത്തിയതോടെ രൗദ്രഭാവം പൂണ്ടു.

ചപ്പാത്ത് പാലത്തിന്റെ തൂണുകളിൽ തങ്ങിയ തടികളും കല്ലും കാരണം വെള്ളം പാലത്തിന്റെ മുകളിലൂടെ കയറിയാണ് ഒഴുകിയത്. പാലത്തിന്റെ ഒരു തൂണിനു ബലക്ഷയം സംഭവിച്ചതോടെ ഇന്നലെ രാവിലെ ഇതു വഴി വലിയ വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയാത്ത അവസ്ഥയായി. പന്നിയാർ പുഴയ്ക്കു കുറുകെയുള്ള കനകപ്പുഴ പാലവും അപകടാവസ്ഥയിലാണ്. രാജകുമാരി, സേനാപതി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തേവർകാട്ട് വിളയാക്കാട്ട് ഭാഗത്തെ നടപ്പാലം പൂർണമായും ഒലിച്ചുപോയി. ഇതോടെ നൂനു കണക്കിനു വിദ്യാർഥികൾക്ക് സേനാപതിയിലെ സ്കൂളിലേക്കു പോകണമെങ്കിൽ 5 കിലോമീറ്ററിലധികം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയായി.

മൂന്നാറിലും മണ്ണിടിച്ചിൽ, ഗതാഗത തടസ്സം
കനത്ത മഴയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് വട്ടവട പഞ്ചായത്തിലെ കോവിലൂർ - കൊട്ടാക്കമ്പൂർ റോഡിൽ ഗതാഗതം നിലച്ചു.ഞായർ രാത്രി പെയ്ത കനത്ത മഴയിലാണ് പഞ്ചായത്ത് ഓഫിസ്, കൊട്ടാക്കമ്പൂർ റോഡ് എന്നിവിടങ്ങളിൽ റോഡ് തകർന്നത്. ഒരാഴ്ച മുൻപ് പെയ്ത മഴയിൽ രണ്ടിടത്തും നേരിയ മണ്ണിടിച്ചിലുണ്ടായിരുന്നു.ഞായറാഴ്ച പെയ്ത മഴയിൽ ഇതേ സ്ഥലങ്ങളിൽ കൂടുതൽ മണ്ണിടിച്ചിലുണ്ടാകുകയായിരുന്നു. 

രണ്ടിടങ്ങളിലും റോഡിന്റെ ഒരു ഭാഗം തകർന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിലയ്ക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയിൽ പെയ്ത കനത്ത മഴയിൽ വട്ടവടയുടെ വിവിധ ഭാഗങ്ങളിലെ പച്ചക്കറി കൃഷികൾ നശിച്ചു. കൃഷിനാശം സംബന്ധിച്ചു പഞ്ചായത്തും കൃഷി വകുപ്പും ഇന്നലെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

മൂന്നാർ - ഉദുമൽപേട്ട സംസ്ഥാനാന്തര പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. രാജമലയ്ക്കു സമീപമാണ്‌ ഇന്നലെ പുലർച്ചെ 5.30ന് മണ്ണിടിച്ചിലുണ്ടായത്. പാതയോരത്തെ തിട്ടയിടിഞ്ഞു കല്ലും മണ്ണും റോഡിലേക്കു പതിക്കുകയായിരുന്നു. നയമക്കാടുനിന്നെത്തിയ തൊഴിലാളികളുടെ നേതൃത്വത്തിൽ ഇവ നീക്കം ചെയ്ത ശേഷം ആറരയ്ക്കു ശേഷമാണു ഗതാഗതം പുനഃസ്ഥാപിച്ചത്.

നെടുങ്കണ്ടം മേഖലയിൽ വ്യാപകനാശം
ഞായറാഴ്ച രാത്രി പെയ്ത അതിശക്തമായ മഴയിൽ എഴുകുംവയൽ മേഖലയിൽ വ്യാപക നാശം. കവുന്തിയി മണ്ണിടിച്ചിലിൽ സംരക്ഷണഭിത്തി തകർന്നതിനെ തുടർന്നു റോഡ് അപകടാവസ്ഥയിലാണ്. റോഡിൽനിന്നു കുതിച്ചെത്തുന്ന മഴവെള്ളത്തിൽ സമീപത്തെ കൃഷിയിടത്തിലേക്ക് മണ്ണ് ഒലിച്ചിറങ്ങിയതു മൂലം കൃഷി നശിച്ചു. കൊച്ചുപറമ്പിൽ ഷിബുവിന്റെ ഒന്നരയേക്കർ സ്ഥലത്തെ ഏലം കൃഷിയാണ് പൂർണമായി നശിച്ചത്.മണ്ണിടിച്ചിലിൽ അഞ്ചുമുക്ക്–കവുന്തി റോഡിലും എഴുകുംവയൽ പുന്നക്കവല റോഡിലും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

സംരക്ഷണഭിത്തി തകർന്നതിനെ തുടർന്ന് എഴുകുംവയൽ സ്വദേശികളായ പുളിയ്ക്കൽ തോമസ്, ചിരട്ടവേലിൽ ബാബു, പെരുവിലങ്ങാട്ട് ബിജു, കുറ്റിയാനി സോണിച്ചൻ എന്നിവരുടെ വീടുകൾ അപകടാവസ്ഥയിലാണ്. കുട്ടൻകവല, പുന്നക്കവല മേഖലകളിലും മണ്ണിടിഞ്ഞും മരം കടപുഴകി വീണും കൃഷി നാശം ഉണ്ടായിട്ടുണ്ട്. നെടുങ്കണ്ടം പച്ചടിയിലും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ഇന്നലെ വൈകിട്ടും മേഖലയിൽ ഒറ്റപ്പെട്ട കനത്ത മഴ തുടരുകയാണ്. അതേസമയം അപകടസാധ്യത കണക്കിലെടുത്ത് ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഉടുമ്പൻചോല മുതൽ ചേരിയാർ വരെയുള്ള ഭാഗത്തു കൂടിയുള്ള രാത്രി യാത്രയ്ക്കു കലക്ടർ നിരോധനം ഏർപ്പെടുത്തി.

ആറംഗ സംഘം സഞ്ചരിച്ച കാറിനു സമീപം മണ്ണിടിഞ്ഞു
നെടുങ്കണ്ടം ∙ ഉടുമ്പൻചോല- കള്ളിപ്പാറയിൽ ആറംഗ സംഘം സഞ്ചരിച്ച കാറിനു സമീപം മണ്ണിടിഞ്ഞു വീണു. വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഞായറാഴ്ച രാത്രി എട്ടു മണിയോടെ ചതുരംഗപ്പാറയിൽ നിന്നും മടങ്ങിയ രാജാക്കാട് സ്വദേശികളാണ് അപകടത്തിൽപെട്ടത്. ഇരുവശവും മണ്ണും മരവും വീണു കാർ കുടുങ്ങിപ്പോയതോടെ വിവരമറിഞ്ഞു സ്ഥലത്തെത്തിയ ഉടുമ്പൻചോല പൊലീസ് സംഘമാണ് യാത്രികരെ രക്ഷിച്ചത്.

നാട്ടുകാരുടെ സഹായത്തോടെ മണ്ണ് നീക്കിയ ശേഷം പുലർച്ചെ മൂന്നു മണിയോടുകൂടിയാണു കാർ പുറത്തെടുക്കാൻ കഴിഞ്ഞത്. അതേസമയം റോഡിലെ മണ്ണ് നീക്കാൻ സഹായം തേടി ശാന്തൻപാറ പിഡബ്യുഡി അസിസ്റ്റന്റ് എൻജിനീയറെ ബന്ധപ്പെട്ടപ്പോൾ രാവിലെ നോക്കാം എന്ന മറുപടിയാണു ലഭിച്ചതെന്നു പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. എസ്ഐ ബെന്നി, സിപിഒമാരായ സിജോ, ബേസിൽ, സജുസൺ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. അപകടത്തിൽ ആർക്കും പരുക്കില്ല.

നഷ്ടപരിഹാരം ഉടൻ
ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കൃഷിനാശമുണ്ടായ കർഷകർക്കു നഷ്ടപരിഹാരം വേഗത്തിൽ നൽകുന്നതിനു നടപടി സ്വീകരിച്ചതായി കൃഷിവകുപ്പ് അറിയിച്ചു.  ഉരുൾപൊട്ടൽ  നാശംവിതച്ച ശാന്തൻപാറ പഞ്ചായത്തിലെ പേത്തൊട്ടിയുൾപ്പെടെ നെടുങ്കണ്ടം ബ്ലോക്കിന് കീഴിൽ 20 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചിട്ടുണ്ടെന്നു പേത്തൊട്ടി, പുത്തടി എന്നിവിടങ്ങളിൽ നേരിട്ട് എത്തി കൃഷി വകുപ്പ് തയാറാക്കിയ കണക്കുകൾ വ്യക്തമാക്കുന്നു.

ഉരുൾപൊട്ടലിൽ 10 ഹെക്ടർ സ്ഥലം ഒലിച്ചുപോയി. 25 ഓളം കർഷകരെ ഇതു ബാധിച്ചിട്ടുണ്ട്. കൃഷിയിടം പൂർണമായി നഷ്ടപ്പെട്ട കർഷകർക്കു ഹെക്ടറിനു 47,000 രൂപ വരെ ധനസഹായം നൽകും. ഇതു രണ്ടു ഹെക്ടറിൽ താഴെയുള്ള കർഷകർക്കായിരിക്കും. സ്ഥലം പാട്ടത്തിനെടുത്തു കൃഷി നടത്തുന്ന കർഷകരും ഉണ്ട്. ഇതിൽ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം കർഷകനും സ്ഥലം നഷ്ടമായിട്ടുണ്ടെങ്കിൽ അതു സ്ഥലം ഉടമയ്ക്ക് ആയിരിക്കും നൽകുക.

മേഘവിസ്ഫോടനം തന്നെ
‌ശാന്തൻപാറ പേത്തൊട്ടിയിൽ ഞായറാഴ്ച രാത്രിയുണ്ടായ കനത്ത മഴയ്ക്കു കാരണം മേഘവിസ്ഫോടനമാണെന്ന നിഗമനത്തിൽ റവന്യു വകുപ്പ്. രാത്രി എട്ടരയ്ക്കും ഒൻപതരയ്ക്കും ഇടയിലാണു പ്രദേശത്ത് കനത്തമഴ പെയ്തത്. ഞായറാഴ്ച 90 മില്ലിമീറ്ററിലധികം മഴയാണ് ഉടുമ്പൻചോല താലൂക്കിൽ പെയ്തത്. ഇടുക്കി 13.2 മില്ലിമീറ്റർ, പീരുമേട് 20 മില്ലിമീറ്റർ, തൊടുപുഴ 2 മില്ലിമീറ്റർ, ദേവികുളം 12.2 മില്ലിമീറ്റർ എന്നിങ്ങനെയാണ് ഞായറാഴ്ചത്തെ മഴ കണക്ക്.

നേരിടാൻ തയാറെന്ന് കലക്ടർ
വരുന്ന വ്യാഴാഴ്ച വരെ കേന്ദ്രകാലാവസ്ഥാ വകുപ്പ് ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അടിയന്തര സഹചര്യങ്ങൾ നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കലക്ടർ ഷീബ ജോർജ് അറിയിച്ചു. പൊലീസ്, അഗ്നിരക്ഷാസേന, റവന്യു തുടങ്ങിയ എല്ലാ പ്രധാന വകുപ്പുകൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകി. മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മലയോരമേഖലകളിലെ രാത്രിയാത്ര ഒഴിവാക്കണമെന്നും കലക്ടർ അറിയിച്ചു. ഉരുൾപൊട്ടലുണ്ടായ പേത്തൊട്ടി, ദളം ഭാഗങ്ങളിൽ കലക്ടർ സന്ദർശനം നടത്തി. അപകട ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന 25 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കുമെന്നു കലക്ടർ പറഞ്ഞു. മണ്ണിടിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ട മറ്റു സ്ഥലങ്ങളിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായും കലക്ടർ അറിയിച്ചു.

 വെള്ളം കയറി വീട്ടുപകരണങ്ങളും വസ്തുവിന്റെ പ്രമാണവും ഉൾപ്പെടെ രേഖകളെല്ലാം നഷ്ടപ്പെട്ട സേനാപതി, പുത്തൻപുരയ്ക്കൽ ജയമോൾ വീടിനു മുൻപിൽ.
വെള്ളം കയറി വീട്ടുപകരണങ്ങളും വസ്തുവിന്റെ പ്രമാണവും ഉൾപ്പെടെ രേഖകളെല്ലാം നഷ്ടപ്പെട്ട സേനാപതി, പുത്തൻപുരയ്ക്കൽ ജയമോൾ വീടിനു മുൻപിൽ.

ജയമോളുടെ സങ്കടം കാണുമോ അധികാരികൾ...?
രാജകുമാരി∙ 7 മണിക്കൂറോളം പെയ്ത കനത്ത മഴയെ തുടർന്നു സേനാപതി, പുത്തൻപുരയ്ക്കൽ ജയമോൾക്കും 2 മക്കൾക്കും തിരിച്ചു കിട്ടിയതു ജീവൻ മാത്രം, ബാക്കിയെല്ലാം വെള്ളം കൊണ്ടുപോയി. സേനാപതി, രാജകുമാരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇല്ലിപ്പാലം ചപ്പാത്തിനു സമീപമാണു ജയമോളുടെ 5 സെന്റ് ഭൂമിയും വീടും. ഞായറാഴ്ച രാത്രിയുണ്ടായ കനത്ത മഴയെ തുടർന്നു പന്നിയാർ പുഴ കര കവിഞ്ഞ് ഇവരുടെ വീടിരിക്കുന്ന ഭാഗത്തു വെള്ളം കയറി. പന്നിയാർ പുഴയ്ക്കു കുറുകെയുള്ള ഇല്ലിപ്പാലം ചപ്പാത്തിന്റെ തൂണുകളിൽ ഒഴുകിയെത്തിയ മരങ്ങളും ചപ്പുചവറുകളും തങ്ങി നിന്നതോടെയാണു വെള്ളം ഒഴുകുന്നതു തടസ്സപ്പെട്ടു ജയമോളു‍ടെ വീടുൾപ്പെടുന്ന പ്രദേശത്തേക്കു വെള്ളം കയറിയത്.

വെള്ളം ഉയരുന്നതു കണ്ട് ജയമോളും മക്കളായ ആദർശ്, ശിവ എന്നിവരും വിലപിടിപ്പുള്ള വസ്തുക്കളും സർട്ടിഫിക്കറ്റുകളും കട്ടിലിനു മുകളിൽ മറ്റൊരു കട്ടിൽ കയറ്റി വച്ച് അതിനു മുകളിൽവച്ച ശേഷം സമീപത്തെ മറ്റൊരു വീട്ടിലേക്കു മാറിയിരുന്നു. എന്നാൽ രാത്രി 11 ന് ശേഷം ഇവരുടെ വീടിന്റെ മേൽക്കൂര വരെ വെള്ളമുയർന്നു. വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, മക്കളുടെ സർട്ടിഫിക്കറ്റുകൾ, ആകെയുള്ള 5 സെന്റ് ഭൂമിയുടെ പ്രമാണം എന്നിവയെല്ലാം വെള്ളം കൊണ്ടുപോയി. ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ മാത്രമാണ് ഇനി ഇൗ നിർധന കുടുംബത്തിന് സ്വന്തമായുള്ളത്. ജയമോളുടെ ഭർത്താവ് വർഷങ്ങൾക്കു മുൻപ് അസുഖം ബാധിച്ചു മരിച്ചതാണ്. കൂലിപ്പണിക്കു പോയാണു ജയമോൾ കുടുംബം പുലർത്തുന്നത്. ഇവരുടെ വീടിനു സമീപത്തുള്ള മംഗളാംകുന്നേൽ സൈമണിന്റെ വീട്ടിലും വെള്ളം കയറി വീട്ടുപകരണങ്ങൾ നശിച്ചു. സമീപത്തെ 10 ഏക്കറോളം കൃഷി സ്ഥലങ്ങളും വെള്ളം കയറി നശിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com