ADVERTISEMENT

നെടുങ്കണ്ടം ∙ മുണ്ടിയെരുമയുടെ 'കുടയായ' ടെർമിനാലിയ മരം നട്ട അജുവിന്റെ ഓർമകൾക്ക് ഇന്ന് ഏഴ് വയസ്. നമ്മുടെ നാട്ടിൽ ഇപ്പോൾ അലങ്കാരത്തിനായി നടുന്ന ടെർമിനാലിയ, ബദാം മരങ്ങളുടെ കുടുംബക്കാരനാണ്. കിഴക്കൻ ആഫ്രിക്കൻ സ്വദേശിയായ ഈ മരം നമ്മുടെ നാട്ടിൽ പരിചിതമാകുന്നതിനു മുൻപേ, 2015 ലാണ് ആനടിയിൽ ജെ.അജു നൈജീരിയയിൽ നിന്നും കൊണ്ടു വന്ന ഒരു തൈ സ്വദേശമായ മുണ്ടിയെരുമയിലെ മണ്ഡപം ജംക്‌ഷനിൽ നട്ടത്. 

 നൈജീരിയയിൽ ഇലക്ട്രിക്കൽ എൻജിനീയറായിരുന്ന അജു മരം നട്ട് രണ്ടു വർഷങ്ങൾക്ക് ശേഷം 2017 ഫെബ്രുവരി 5ന് ഹൃദയാഘാതം മൂലം മരിച്ചു. ജോലി ചെയ്തിരുന്ന നൈജീരിയയിൽ സാധാരണയായി കാണുന്ന ടെർമിനാലിയ മരങ്ങളുടെ തണൽ സ്വന്തം നാട്ടിലും വേണമെന്ന ആഗ്രഹം അജുവിനുണ്ടായിരുന്നു. പിന്നീട് കൂട്ടുകാർക്കും അജു ഇതിന്റെ തൈകൾ എത്തിച്ചു നൽകി. എല്ലാവർക്കും ഏറെ പ്രിയങ്കരനായിരുന്ന അജുവിന്റെ നാടിനോടുള്ള സ്നേഹമാണ് ഇതിനു പിന്നിലെന്ന് സുഹൃത്തുക്കൾ ഓർത്തെടുക്കുന്നു

അജുവിന്റെ ഒന്നാം ചരമ വാർഷികത്തിൽ കുടുംബാംഗങ്ങൾ ചേർന്ന് മരത്തിനു ചുറ്റും തറ കെട്ടി വൃത്തിയാക്കി അജുവിന്റെ ഓർമയുടെ ഫലകവും സ്ഥാപിച്ചു. മരത്തിന്റെ സംരക്ഷണം വ്യാപാരികളും സുഹൃത്തുക്കളും ചേർന്ന് ഏറ്റെടുത്തതോടെ അജുവിന്റെ നല്ല ഓർമകൾക്കൊപ്പം ശാഖകൾ പടർത്തി ടെർമിനാലിയ മരവും വളർന്നു. ഇന്ന്  40 അടിയോളം ഉയരത്തിൽ വളർന്ന്  ഒരു  കുട പോലെ തണൽ വിരിച്ചു നിൽക്കുന്ന 'ഓർമ'യുടെ മരം സാമൂഹിക പ്രതിബദ്ധതയുടെ അജു നൽകിയ മാതൃക കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com