മണ്ണെണ്ണയിൽ വെള്ളം: അന്വേഷണം പൊലീസിന് കൈമാറുമെന്നു സൂചന
Mail This Article
മൂന്നാർ∙ റേഷൻ കടകൾ വഴി വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയിൽ വെള്ളം നിറച്ച കേസിന്റെ അന്വേഷണം പൊലീസിന് കൈമാറുമെന്നു സൂചന. സിവിൽ സപ്ലൈസ് വകുപ്പ് വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ തട്ടിപ്പ് നടത്തിയവരെ സംബന്ധിച്ച് സൂചനകൾ ലഭിച്ചെങ്കിലും തെളിവുകൾ ലഭിക്കാതെ വന്നതോടെയാണ് കേസ് അന്വേഷണം പൊലീസിന് കൈമാറുന്നത്.
വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിവിൽ സപ്ലൈസ് മേധാവിയാണ് പൊലീസിൽ പരാതി നൽകേണ്ടത്. വൈകാതെ പരാതി നൽകുമെന്നാണ് സൂചന. മൂന്നാറിലെ പഞ്ചായത്ത് റോഡിൽ പ്രവർത്തിക്കുന്ന സപ്ലൈകോയുടെ മണ്ണെണ്ണ ഡിപ്പോയുടെ ടാങ്കറിൽ നിന്നുമാണ് 562 ലീറ്റർ മണ്ണെണ്ണ നഷ്ടപ്പെട്ടത്. അളവ് സൂക്ഷിക്കാനായി പകരം വെള്ളം ഒഴിച്ചുവച്ചിരുന്നു.
റേഷൻ കടക്കാർ പരാതി നൽകിയതിനെ തുടർന്ന് നടന്ന പരിശോധനയിലാണ് ടാങ്കറിൽ 562 ലീറ്റർ വെള്ളം കണ്ടെത്തിയത്. അധികൃതരുടെ പരാതിയെ തുടർന്ന് വിജിലൻസ് ഫ്ലയിങ് സ്ക്വാഡ് കഴിഞ്ഞ 17നു മൂന്നാറിൽ പരിശോധന നടത്തി. മാസങ്ങളായി ഡിപ്പോയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരൻ റിട്ടയർമെന്റിന് മുൻപുള്ള നീണ്ട അവധിയിൽ പ്രവേശിച്ച ദിവസമാണ് സംഭവം കണ്ടെത്തിയതും വിവാദമായതും.