ഞാലിപ്പൂവൻ വാങ്ങുന്നതിനു മുൻപ് വില ചോദിക്കാൻ മറക്കരുത്; ഇല്ലെങ്കിൽ ഞെട്ടേണ്ടി വരും!

Mail This Article
തൊടുപുഴ∙ ഞാലിപ്പൂവൻ പഴം വാങ്ങുന്നതിനു മുൻപ് വില ചോദിക്കാൻ മറക്കരുത്! ഇല്ലെങ്കിൽ പണം കൊടുക്കുമ്പോൾ ഞെട്ടേണ്ടി വരും. ഒരു കിലോ ഞാലിപ്പൂവൻ പഴത്തിന്റെ ഇന്നലത്തെ വില 100 രൂപ. ജില്ലയിലെ വിവിധ മാർക്കറ്റുകളിൽ ലഭ്യതയനുസരിച്ച് 90 മുതൽ 100 രൂപ വരെയാണ് വില. ഏത്തപ്പഴത്തിന്റെ വിലയും 60–70 ആയി ഉയർന്നു. കാർഷിക വിപണികളിൽ വരവു കുറഞ്ഞതാണ് വില വർധിക്കാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. കാലാവസ്ഥാ വ്യതിയാനം വിളവിനെ ബാധിച്ചു.
കടുത്തവേനലും കനത്ത മഴയും ജില്ലയിൽ ഏറെ കൃഷിനാശമുണ്ടാക്കിയിരുന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ എത്തിയിരുന്നതിനേക്കാൾ വാഴപ്പഴത്തിന്റെ വരവു 30 ശതമാനത്തോളം കുറഞ്ഞെന്നു കച്ചവടക്കാർ പറയുന്നു. റോബസ്റ്റ 45-50 രൂപ, പാളയൻതോടൻ 50-55 രൂപ, പൂവൻ 60-65 രൂപ എന്നിങ്ങനെയാണ് നിരക്ക്. ചിലയിടങ്ങളിൽ വില ഇതിലും കൂടുതലാണ്. പൊതുവേ സീസണിൽ വില കുറയുമെങ്കിലും ഇത്തവണ സീസണിലും ഇവയുടെ വില ഉയരത്തിൽ തന്നെയായിരുന്നു.
സംസ്ഥാനത്തിന് പുറത്തു നിന്നാണ് പ്രധാനമായും ഞാലിപ്പൂവനും ഏത്തയ്ക്കായും എത്തുന്നത്. തമിഴ്നാടും കർണാടകയുമാണ് പ്രധാന കേന്ദ്രങ്ങൾ. ഈ ഭാഗങ്ങളിലും കാലാവസ്ഥ വ്യതിയാനം കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. മഴ ശക്തമായതും വിലയെ ബാധിച്ചേക്കും. കഴിഞ്ഞ വർഷവും ഓണത്തോടനുബന്ധിച്ച് ഞാലിപ്പൂവന് വിലയുയരുകയും ഓണം കഴിഞ്ഞതോടെ കുറയുകയും ചെയ്തിരുന്നു. എന്നാൽ ഈ വർഷം വളരെ നേരത്തേ തന്നെ വിലയുയർന്നത് ജനങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്.