ADVERTISEMENT

കുമളി∙ സ്പീക്കറും ആംപ്ലിഫയറും കൂട്ടിച്ചേർത്ത് താൻ നിർമിച്ച മ്യൂസിക് സിസ്റ്റത്തിൽനിന്നു പാട്ടുകൾ കേട്ടു തുടങ്ങിയതോടെ ചിലമ്പരശന്റെ കണ്ണു ചെറുതായി നനഞ്ഞു. തലയിൽ പതിയെ തലോടി. അച്ഛന്റെ മരണാനന്തര ചടങ്ങുകൾക്കായി മുറിച്ച മുടി ചെറുതായി വളർന്നു വരുന്നതേയുള്ളൂ.

‘ഞാൻ അച്ഛനു വേണ്ടിയാണ് വന്നത്’– ചിലമ്പരശൻ പറഞ്ഞു. മത്സരത്തിൽ ആദ്യ സ്ഥാനങ്ങളിലെത്തിയില്ലെങ്കിലും ഇടുക്കി റവന്യു ജില്ലാ പ്രവൃത്തിപരിചയമേളയിലെ എച്ച്എസ് വിഭാഗം ഇലക്ട്രോണിക്സ് മത്സരങ്ങൾ കാണാനെത്തിയ രക്ഷിതാക്കളുടെയും അധ്യാപകരുടെയും മനസ്സിൽ ചിലമ്പരശന്റെ ചിരിച്ച മുഖം പതിഞ്ഞു. 

പിതാവ് വണ്ടൻമേട് സാമി കോളനിയിൽ രഞ്ജിത്ത് കുമാർ (44) ഒക്ടോബർ 19നാണ് കരൾ രോഗത്താൽ മരിച്ചത്. പോളിയോ ബാധിതനായിരുന്ന രഞ്ജിത് ലോട്ടറി കച്ചവടക്കാരനായിരുന്നു. അച്ഛനുമൊത്ത് തയാറാക്കിയ മ്യൂസിക് സിസ്റ്റമാണ് ചിലമ്പരശൻ പ്രവൃത്തിപരിചയമേളയിൽ അവതരിപ്പിച്ചത്.

single-imagechilambarshan-father-idukki
കുമളിയിൽ നടന്ന ഇടുക്കി ജില്ലാ പ്രവൃത്തിപരിചയമേളയിൽ എച്ച്എസ് വിഭാഗത്തിലെ ഇലക്ട്രോണിക്സിൽ പിതാവിന്റെ സഹായത്തോടെ ചെയ്ത മ്യൂസിക് സിസ്റ്റവുമായി ചിലമ്പരശൻ.

മത്സരിക്കാനിറങ്ങണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു, കഴിഞ്ഞ വർഷം തൊടുപുഴയിൽ അച്ഛനൊപ്പമാണ് മത്സരിക്കാൻ എത്തിയത് ഇത്തവണ ഒറ്റയ്ക്കാണ് വന്നതെന്നും ചിലമ്പരശൻ പറയുന്നു. 5 വർഷം മുൻപ് അമ്മ ഉപേക്ഷിച്ച ചിലമ്പരശനും സഹോദരി സീതാലക്ഷ്മിയും രഞ്ജിത്തിന്റെ മാതാപിതാക്കളായ കറുപ്പയ്യ-ഭൂപതി എന്നിവർക്കൊപ്പമാണ് ഇപ്പോൾ കഴിയുന്നത്. പ്രായാധിക്യമലട്ടുന്ന കറുപ്പയ്യ (68) ഇപ്പോൾ ജോലിക്കു പോകുന്നില്ല. മുത്തശ്ശി ഭൂപതി(64) ഏലത്തോട്ടത്തിൽ പണിക്കു പോയാണ് കുടുംബം മുന്നോട്ടു കൊണ്ടുപോകുന്നത്.

അപകടത്തിൽ ഒരു കൈക്കു സ്വാധീനക്കുറവുള്ള ആളാണു ഭൂപതി. വണ്ടൻമേട് സെന്റ് ആന്റണീസ് എച്ച്എസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് ചിലമ്പരശൻ. ആറാം ക്ലാസിലാണ് സീതാലക്ഷ്മി പഠിക്കുന്നത്. സ്കൂളിൽനിന്നു നൽകുന്ന സഹായം കൊണ്ടാണു പഠനം മുന്നോട്ടു പോകുന്നത്. പഠിച്ചു സൗണ്ട് എൻജിനീയർ ആകണമെന്നാണ് ചിലമ്പരശന്റെ ആഗ്രഹം.

ചിലമ്പരശന്റെ ആഗ്രഹങ്ങൾക്ക് സുമനസ്സുകൾ കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ഭൂപതിയും കറുപ്പയ്യയും. ചിലമ്പരശന്റെ ക്ലാസ് ടീച്ചർ‌ പഠനത്തിൽ എല്ലാ പിന്തുണയുമായി കൂടെയുണ്ട്. ഫോൺ: 9567047847.

English Summary:

This heartwarming story from Idukki, Kerala, features Chilambarasan, a young student who built a music system in memory of his late father. Despite facing personal tragedy and financial hardship, Chilambarasan's dedication to learning and his passion for sound engineering shines through. Discover how his community is rallying to support his dreams.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com