മറയൂരിൽ അരിനെല്ലിയുടെ വിളവ് കാലമെത്തി; മുന്തിരിക്കുലകൾ പോലെ കായ്ചു കിടക്കുന്നു

Mail This Article
മറയൂരിൽ അരിനെല്ലിയുടെ വിളവ് കാലമെത്തി. നെല്ലിമരങ്ങളിൽ ഇലകൾ കാണാനാകാത്തത്ര സമൃദ്ധമായി മുന്തിരിക്കുലകൾ പോലെ അരിനെല്ലിക്ക കായ്ചു കിടക്കുകയാണ്. ശീമനെല്ലിക്ക, സ്റ്റാർ ഫ്രൂട്ട്, നെല്ലിപ്പുളി ഇങ്ങനെ വിവിധ നാമങ്ങളിൽ അറിയപ്പെടുന്ന നെല്ലിക്കയുടെ ഒരു ഉപവിഭാഗമാണ് അരിനെല്ലി. ഏറെ സ്വാദിഷ്ടവും അതിലുപരി ആരോഗ്യദായകവും ആണ്. ഉപ്പിലിട്ട അരിനെല്ലി സ്വാദിഷ്ടവും ബുദ്ധി വർധനയ്ക്കും ഗുണകരം. അൽപ്പം പുളിയും മധുരവും ചേർന്ന രുചിയുള്ള ഇവ മറയൂരിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ്.
ഏകദേശം 10 അടിയോളം ഇത് ഉയരത്തിൽ വളരുന്നു. വിത്തു മുളപ്പിച്ചും, തണ്ടു നട്ടുപിടിപ്പിച്ചും ഇതിന്റെ തൈകൾ ഉൽപാദിപ്പിക്കാം. വേരു പിടിക്കുന്നതു വരെ ജലസേചനം പ്രധാനമാണ്. തണ്ട് നട്ടുപിടിപ്പിച്ച് ആണ് വളർത്തുന്നതെങ്കിൽ ഏകദേശം മൂന്നു വർഷം ആകുമ്പോഴേക്കും ഫലം ലഭ്യമാകും. ചാണകമോ, മണ്ണിര കമ്പോസ്റ്റോ അടിവളമായി നൽകിയാൽ അരിനെല്ലിയുടെ വളർച്ച വേഗത്തിലാകും. ഫിലാന്തസ് അസിഡസ് എന്നാണ് ശാസ്ത്രീയനാമം. കഴിഞ്ഞ മാസം മുതൽ തന്നെ കായ്ച്ചു തുടങ്ങിയ അരിനെല്ലി ഏപ്രിൽ-മേയ് മാസങ്ങൾ വരെ കായ്ഫലം ഉണ്ടാകും.