മൂന്നാറിൽനിന്ന് 38 രൂപയ്ക്ക് വാങ്ങുന്ന സിമന്റ് കട്ട വട്ടവടയിലെത്തുമ്പോൾ 124 രൂപ!; നഗറുകളിൽ ലൈഫില്ല

Mail This Article
ഊര്, കുടി എന്നിങ്ങനെ പേരു മാറ്റിയിട്ടും ജീവിതം മെച്ചപ്പെടാത്ത സ്ഥിതിയാണ് ആദിവാസി ഊരുകളിൽ. അതിൽ അധികൃതർ ശ്രദ്ധിക്കാതെ പോകുന്നതാണു വട്ടവട മേഖല. ഇവിടെ പാർപ്പിടം, വഴി, അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ പോരായ്മകളെക്കുറിച്ചു പരമ്പര തുടങ്ങുന്നു...
തൊടുപുഴ ∙ അതിദാരിദ്ര്യം ഇല്ലാതാക്കുമെന്ന ലക്ഷ്യത്തിലേക്കുള്ള സഞ്ചാരത്തിലും വട്ടവടയിലെ ആദിവാസി നഗറുകൾക്കു രക്ഷയില്ല. ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിവയിൽ മുന്നേറ്റമുണ്ടാക്കി അതിദാരിദ്ര്യം ഇല്ലാതാക്കുകയെന്നാണു സർക്കാർ പദ്ധതിയുടെ ലക്ഷ്യം. എന്നാൽ ഇക്കാര്യത്തിൽ ഇന്നും വട്ടവടയിലെ അവസ്ഥ പരിതാപകരമാണ്. പ്രത്യേകിച്ചു ആദിവാസി നഗറുകളിൽ. ജില്ലയിലെ മിക്കയിടങ്ങളിലും വാസസ്ഥലമൊരുക്കുന്ന ലൈഫ് മിഷൻ പദ്ധതി ഇഴയുകയാണെങ്കിലും വട്ടവട പഞ്ചായത്തിലെ ആദിവാസി നഗറുകളിൽ ഇതു നിലച്ച അവസ്ഥയിലാണ്. മലഞ്ചെരിവിൽ താമസിക്കുന്ന ഇവർക്കായി സർക്കാർ ലൈഫ് മിഷനുകളിൽ 162 വീടുകൾ അനുവദിച്ചെങ്കിലും പത്തിൽ താഴെ വീടുകൾ മാത്രമാണു പൂർത്തിയാക്കിയത്. 2017 മുതൽ തുടങ്ങിയ വീടുകളുടെ സ്ഥ്തിയാണിത്.
പണി തന്ന 162 വീടുകൾ
∙ ഇടുക്കി ജില്ലയിൽ തമിഴ്‌നാടിനോട് അതിർത്തി പങ്കിടുന്ന വട്ടവട പഞ്ചായത്തിൽ 5 ആദിവാസി നഗറുകളിൽ 162 വീടുകളാണ് അനുവദിച്ചത്. ഇതിൽ പൂർത്തിയായ വീടുകൾ ചുരുക്കമാണ്. 420 ചതുരശ്രയടിയാണു വീടിന്റെ അനുവദനീയമായ വലുപ്പം. സർക്കാർ 6 ലക്ഷം രൂപ നൽകും. എന്നാൽ ഇവിടെ ഉള്ളവർക്ക് 2017 മുതൽ തുടങ്ങിയ വീടുകൾക്കു പോലും മുഴുവൻ തുകയും അനുവദിച്ചു കിട്ടിയിട്ടില്ല. കടംവാങ്ങിയും കൈയിലുള്ള ചെറുതരി പൊന്നു പണയം വച്ചും വീടുപണി തുടങ്ങിയവർ ഇന്നും ദുരിതത്തിലാണ്. ശുചിമുറി പൂർത്തിയായവർ വരെ ചുരുക്കം. ആദ്യത്തെ ഗഡു 90,000 രൂപയും രണ്ടാമത്തെ 1.20 ലക്ഷം രൂപയുമാണ് അനുവദിക്കുന്നത്. 2 ഗഡു കിട്ടിയവർ തന്നെയില്ല.
നിർമാണച്ചെലവ് അതിഭീകരം
∙ വീടു പണിക്കായി ഒരു സിമന്റ് കട്ട വട്ടവടയിലെ ആദിവാസി നഗറുകളിലേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന ചെലവ് 124 രൂപയാണ്. പത്തു കിലോമീറ്റർ ജീപ്പിലാണ് ഇവ എത്തിക്കേണ്ടത്.മൂന്നാറിനടുത്തെ ആനച്ചാലിൽ നിന്ന് 38 രൂപയ്ക്കു വാങ്ങുന്നതാണു യാത്രച്ചെലവു കാരണം ഇത്രയും രൂപയായി മാറുന്നത്. മണൽ, സിമന്റ് എന്നിവയുടെയും സ്ഥിതി ഇങ്ങനെ തന്നെ.
പഞ്ചായത്ത് മെംബറുടെ ദുരിതം
∙ വട്ടവട പഞ്ചായത്തിലെ 13–ാം വാർഡ് മെംബർ ശിവലക്ഷ്മി മുരുകൻ (40) ലൈഫ് മിഷനിൽ ലഭിച്ച വീടിന്റെ ശുചിമുറിയുടെ പുതിയ ടാങ്ക് നിർമാണത്തിലാണ്. വട്ടവടയിലെ വത്സപ്പെട്ടി കുടിയിലുള്ളപ്പെടുന്ന പറശിക്കടവിലാണ് വീട്. ശിവലക്ഷ്മിയുടെ ലൈഫ് മിഷൻ വീട് പൂർത്തിയായെങ്കിലും അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് ടാങ്ക് നിർമാണം. ഒരാളെ ജോലിക്ക് നിർത്താനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാലാണ് ശിവലക്ഷ്മിയുടെ പരിശ്രമം.കുടിയിലെ മറ്റുള്ളവരുടെ വീടിനുള്ള തുക കിട്ടാത്തതിന്റെ കാരണമെന്തെന്നു കൃത്യമായി അറിയില്ലെന്നും ഫണ്ട് പാസായിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നതെന്നാണ് ശിവലക്ഷ്മി പറയുന്നത്.
വീടില്ല, ഇപ്പോഴും ഒറ്റമുറി ഷെഡിൽ
∙ പറശിക്കടവ് കുടിയിൽ പരശുരാമൻ(40), ഭാര്യ അളഗമ്മ എന്നിവരുടെ വീട് 3 വർഷമായി മേൽക്കൂര പോലും പൂർത്തിയായിട്ടില്ല. 2 മക്കളുമായി ഒറ്റമുറി വീട്ടിലാണ് ഇപ്പോഴും താമസം. എന്നു വീടാകുമെന്നതിൽ ഇവർക്ക് യാതൊരു നിശ്ചയവുമില്ല. വത്സപ്പെട്ടിയിലെ പറശനിക്കടവ്കുടിയിലാണ് വീടുള്ളത്. ഇതേ അവസ്ഥയാണു കുടിയിലെ പൂർത്തിയാകാതിരിക്കുന്ന വീടുകളുടെയും അവസ്ഥ. രാത്രി10 ഡിഗ്രിയിൽ താഴെയാണ് ഇവിടത്തെ തണുപ്പ്. ഇതിനെ അതിജീവിക്കാനാണു വീടിനായി കുടിക്കാർ പരിശ്രമിക്കുന്നത്. സർക്കാർ ഈ സ്ഥിതി കാണണമെന്നാണു പരശുരാമനു പറയാനുള്ളത്.
വട്ടവടയിലെ ആദിവാസി നഗറുകൾ
1. മൂലവള്ളം
2. സ്വാമിയാർ അള
3. കൂടല്ലാർ
4. വയൽത്തറക്കുടി
5. പറശിക്കടവ്
നാളെ: കുട്ടികളെത്താത്ത അങ്കണവാടി, മെച്ചപ്പെടാത്ത കാർഷികം....