വനാതിർത്തികളിൽ പ്രത്യേക പരിശോധനയുമായി വനം വകുപ്പ്

Mail This Article
കട്ടപ്പന ∙ വനത്തിന്റെ അതിർത്തികളിൽ പ്രത്യേക പരിശോധനയുമായി വനം വകുപ്പ്. ചില പ്രദേശങ്ങളിലെ വനാതിർത്തികളിൽ കെണികൾ, കുടുക്ക്, സ്ഫോടകവസ്തുക്കൾ തുടങ്ങിയവ ഉപയോഗിച്ച് വന്യമൃഗങ്ങളെ വേട്ടയാടുന്ന പശ്ചാത്തലത്തിൽ മുൻകരുതലെന്ന നിലയ്ക്കാണ് വനം വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഇടുക്കി വന്യജീവി ഡിവിഷനിലെ ഇടുക്കി വന്യജീവി സങ്കേതത്തിൽ ഒരാഴ്ച നീണ്ട അതിർത്തി പരിശോധന നടത്തി.
സങ്കേതത്തിലെ ജനവാസ മേഖലയുമായി അതിർത്തി പങ്കിടുന്ന വൻമാവ് മുതൽ കല്ലേക്കുളം, ഓന്തുപാറ, മുത്തിച്ചോല വരെയുള്ള ഭാഗങ്ങളിലും മേമാരി, മുല്ല, കത്തിതേപ്പൻ, ചൊക്കൻ, കൊല്ലത്തിക്കാവ് എന്നിവിടങ്ങളിലും പരിശോധന നടത്തി.വനം വകുപ്പ് ജീവനക്കാരോടൊപ്പം ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി (ഇഡിസി) അംഗങ്ങളും പരിശോധനയിൽ പങ്കെടുത്തു. പരിശോധന തുടരുമെന്നും കുടുക്കുകളോ കെണികളോ സ്ഫോടകവസ്തുക്കളോ കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നിയമനടപടിയെടുക്കുമെന്നും ഇടുക്കി വൈൽഡ്‌ലൈഫ് വാർഡൻ ജി.ജയചന്ദ്രൻ അറിയിച്ചു.