ബ്രിട്ടിഷ് ദേവാലയം കാണാൻ ടൂറിസം പദ്ധതി ആവിഷ്കരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

Mail This Article
കുട്ടിക്കാനം ∙ ചരിത്ര സ്മാരകമായ ബ്രിട്ടിഷ് വാസ്തു ശൈലിയിലുള്ള പള്ളിക്കുന്നിലെ ദേവാലയവും ജോൺ ഡാനിയൽ മൺറോയുടെയും അദ്ദേഹത്തിന്റെ കുതിരയുടെയും ഉൾപ്പെടെ വിദേശികളുടെ കല്ലറകളും കൂടുതൽ വിനോദസഞ്ചാരികൾക്ക് കാണുന്നതിന് പദ്ധതി ആവിഷ്കരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇടുക്കിയുടെ പതിവു കാഴ്ചകളിൽ നിന്നു വ്യത്യസ്തമായ അനുഭവം പഴയ ബ്രിട്ടിഷ് ദേവാലയം സഞ്ചാരികൾക്ക് നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
പൈതൃക - തീർഥാടന ടൂറിസത്തിന്റെ സാധ്യതകൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് മന്ത്രി സെന്റ് ജോർജ് സിഎസ്ഐ ദേവാലയത്തിൽ സന്ദർശനം നടത്തിയത്. സെമിത്തേരിയിലെ കുതിരയുടെ കല്ലറ ചരിത്രസ്മാരകമാണ്. പൈതൃകങ്ങളും പാരമ്പര്യവും സംരക്ഷിക്കാനും അവയുടെ സ്മാരകങ്ങളിലേക്ക് പുതിയ തലമുറയിലെ സഞ്ചാരികളെ ആകർഷിക്കാനുമുള്ള പദ്ധതികൾക്ക് വിനോദസഞ്ചാര വകുപ്പ് മുൻഗണന നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാഴൂർ സോമൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ, ജില്ലാ പഞ്ചായത്തംഗം കെ.ടി. ബിനു, പഞ്ചായത്തംഗം എസ്. സാബു, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പള്ളി വികാരി റവ. ലിജു ഏബ്രഹാം, ഭാരവാഹികളായ വിജു പി.ചാക്കോ, ഐ.എം.സാബു, ഐ.മൂവീസ്, ആർ.തങ്കരാജ് എന്നിവർ ചേർന്നു മന്ത്രിയെ സ്വീകരിച്ചു.