ഇടിഞ്ഞമലയിൽ കാട്ടുപന്നി വിളയാട്ടം; കൃഷിനാശം

Mail This Article
ഇരട്ടയാർ ∙ ഇടിഞ്ഞമലയിൽ കാട്ടുപന്നികൾ കൃഷിയിടത്തിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ആറു കർഷകരുടെ കൃഷിയിടങ്ങളിലായി ഒന്നരയേക്കറിലധികം സ്ഥലത്തെ കപ്പക്കൃഷിയാണ് നശിപ്പിച്ചത്. ഇടിഞ്ഞമല കുരിശുമലയ്ക്കു സമീപം ഇടത്തിപ്പറമ്പിൽ മാത്യു പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്ത് ചെയ്തിരുന്ന കപ്പ നശിപ്പിച്ചു. 1500 ചുവട് കപ്പയാണ് ഇദ്ദേഹം കൃഷിയിറക്കിയിരുന്നത്. അതിൽ 1000 എണ്ണവും കാട്ടുപന്നികൾ നശിപ്പിച്ചു. കൃഷിയിടത്തിനു ചുറ്റും വച്ചവല ഉപയോഗിച്ച് വേലി നിർമിച്ചിരുന്നെങ്കിലും അതു തകർത്താണ് കാട്ടുപന്നികൾ കയറിയത്.
4 മാസം കഴിഞ്ഞാൽ വിളവെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു. ഏകദേശം 4 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പഞ്ചായത്തിലും കൃഷിഭവനിലും ഇദ്ദേഹം പരാതി നൽകി.ഇടിഞ്ഞമല മേഖലയിലെ മറ്റു കൃഷിയിടങ്ങളിലും അടുത്തയിടെ കാട്ടുപന്നികൾ കൃഷി നശിപ്പിച്ചിരുന്നു. കൊച്ചാലുംമൂട്ടിൽ സന്തോഷ്, പടിഞ്ഞാറേക്കര കുട്ടിയച്ചൻ, പഴയപറമ്പിൽ ടോമി, ഈഴക്കുന്നേൽ ബെന്നി, കോലംമാക്കൽ വിജയൻ തുടങ്ങിയവരുടെ കൃഷിയിടങ്ങളിലാണ് അടുത്തയിടെ കാട്ടുപന്നികൾ നാശം വിതച്ചത്. മേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്നാണ് കർഷകരുടെ പരാതി.