കയ്യേറ്റത്തിന് മുൻപ് തന്നെ റിസർവാക്കണമെന്ന് ശുപാർശ; ചൊക്രമുടിയിൽ പുതിയ വിവാദം

Mail This Article
രാജകുമാരി∙ റവന്യു വകുപ്പിന്റെ ഒത്താശയോടെ ചൊക്രമുടിയിൽ കയ്യേറ്റവും അനധികൃത നിർമാണവും നടക്കുന്നതിന് മുൻപ് പ്രദേശം സംരക്ഷിത വനഭൂമിയാക്കാൻ കരട് വിജ്ഞാപനം തയാറാക്കുന്നതിനായി വനംവകുപ്പ് റവന്യു വകുപ്പിനയച്ച കത്ത് പുറത്ത്. സംരക്ഷിത പ്രദേശമാക്കാൻ ശുപാർശയുള്ള ഭൂമിയിലാണ് റവന്യു മന്ത്രിയുടെ ഓഫിസ് അനധികൃതമായി ഇടപെട്ടതെന്നാണ് പുറത്ത് വന്ന കത്ത് നൽകുന്ന സൂചന.
2022 സെപ്റ്റംബർ 17നു ചൊക്രമുടി റിസർവ് കരട് വിജ്ഞാപനം തയാറാക്കുന്നതിന് വേണ്ടി ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫിസർ സർവേ അസിസ്റ്റന്റ് ഡയറക്ടർക്ക് നൽകിയ കത്തയച്ചു. പിന്നാലെയാണ് റവന്യു മന്ത്രിയുടെ ഓഫിസിൽ നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിൽ ചൊക്രമുടിയിൽ പാറപ്പുറമ്പോക്ക് കൂടി ഉൾപ്പെടുത്തി റവന്യു വകുപ്പ് സർവേ സ്കെച്ച് തയാറാക്കിയതും ഭൂമി കയ്യേറ്റത്തിന് കളമൊരുങ്ങിയതും.
ചിന്നക്കനാൽ, ബൈസൺവാലി വില്ലേജുകളിലായുള്ള ബ്ലോക്ക് 4–ൽ ഉൾപ്പെട്ട സർവേ നമ്പർ –35, ബ്ലോക്ക് 5–ൽ ഉൾപ്പെട്ട സർവേ നമ്പർ 2, 3, 4 എന്നീ സ്ഥലങ്ങളുടെ വിവരങ്ങളാണ് ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫിസർ സർവേ അസിസ്റ്റന്റ് ഡയറക്ടറോട് ആവശ്യപ്പെട്ടത്. സർവേ സ്കെച്ച്, ലാൻഡ് റജിസ്റ്റർ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ നൽകണമെന്നായിരുന്നു ആവശ്യം. പാെതുപ്രവർത്തകനായ ബിജോ മാണിക്ക് വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖയിലൂടെയാണ് വനംവകുപ്പ് അയച്ച കത്തിന്റെ വിവരങ്ങൾ പുറത്ത് വന്നത്.

കയ്യേറ്റത്തിന് കളമൊരുങ്ങിയത് ഇങ്ങനെ
∙2022–ൽ വനംവകുപ്പ് കത്തയച്ചതിന് ശേഷമാണ് ബൈസൺവാലി വില്ലേജ് ബ്ലോക്ക് 4–ൽ സർവേ നമ്പർ 27/1, 274/1 എന്നിവയിലുൾപ്പെട്ട 14 ഏക്കർ 69 സെന്റ് ഭൂമിയുണ്ടെന്നും ഇതിന്റെ അതിർത്തി നിർണയിച്ചു നൽകണമെന്നുമാവശ്യപ്പെട്ട് 2023–ൽ ചെന്നൈ സ്വദേശിയായ മൈജോ ജോസഫ് റവന്യു മന്ത്രിക്ക് നൽകിയത്. ഈ കത്തിൽ തീയതി രേഖപ്പെടുത്തിയിരുന്നില്ല. 2023 ജൂൺ 6ന് ഇൗ പരാതി മന്ത്രിയുടെ ഓഫിസിൽ നിന്നും ഇടുക്കി കലക്ടറേറ്റിലേക്ക് കൈമാറി. തുടർന്നായിരുന്ന ചൊക്രമുടി കയ്യേറ്റത്തിന് സഹായിക്കുന്ന റവന്യു വകുപ്പിന്റെ നടപടികൾ.