284 തിരികൾ, 8 അടി ഉയരവും 4 അടി വീതിയും; 5 ക്വിന്റൽ തൂക്കമുള്ള ആൽ വിളക്ക് വെങ്കലത്തിൽ...
Mail This Article
പയ്യന്നൂർ ∙ തായിനേരി മൂരിക്കൊവ്വൽ കോളനി റോഡിലെ വെങ്കല ശിൽപി വടക്കെ പുരയിൽ മോഹനൻ മൂശയിൽ വാർത്തെടുത്തത് 5 ക്വിന്റൽ തൂക്കമുള്ള ആൽ വിളക്ക്. 8 അടി ഉയരവും 4 അടി വീതിയുമുള്ള ഈ ആൽ വിളക്കിൽ 284 തിരികൾ തെളിയിക്കാം. സാധാരണ ആൽ വിളക്കിൽ നിന്ന് പുതുമകൾ ഏറെയുണ്ട് ഈ വിളക്കിന്. ഒരടി ഉയരമുള്ള തറയിൽ ആനയും മണികളുമൊക്കെയായി കൊത്തുപണികൾ ഏറെയുണ്ട്. ഈ തറയിൽ 44 ചിരാതുകൾ വെങ്കലത്തിൽ ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ തറയിൽ നിന്ന് ഈ വിളക്കിൽ ദീപം തെളിയും.
വിളക്കിന്റെ പീഠത്തിൽ 21 തിരി തെളിയിക്കാനുള്ള സംവിധാനമുണ്ട്. കൊമ്പുകൾക്ക് 32 തട്ടുവിളക്കുകൾ ഉണ്ട്. വേരുകളിൽ 24 തൂക്കുവിളക്കുകളും. കൊമ്പുകളിൽ പക്ഷികളും മൃഗങ്ങളും പാമ്പുകളുമൊക്കെ ഒരുക്കിയിട്ടുണ്ട്. മുകൾ തട്ടിൽ 11 തിരികൾ തെളിയിക്കാം. നാരായത്തിലുമുണ്ട് പ്രത്യേകത. ഗരുഡൻ പാമ്പിനെ കൊത്തി നിൽക്കുന്ന ശിൽപമാണ് നാരായത്തിന് മുകളിൽ ഒരുക്കിയിട്ടുള്ളത്. സാധാരണ ആൽ വിളക്കുകൾ താഴെ തട്ടിൽ മാത്രമേ തൂക്കു വിളക്കുകൾ സ്ഥാപിക്കാറുള്ളൂ. ഇതിൽ രണ്ടാമത്തെ തട്ടിലും തൂക്കു വിളക്കുകൾ ഉണ്ട്.
മൂന്നാമത്തെ തട്ടിൽ ദീപ പ്രകാശം പ്രതിഫലിപ്പിക്കാൻ മനോഹരമായ ഇലകൾ ഒരുക്കിയിട്ടുണ്ട്. കൊമ്പുകൾ താങ്ങി നിർത്താൻ 12 വ്യാളികളും കൊത്തിവച്ചിട്ടുണ്ട്. മനോഹരമായ ഈ ആൽ വിളക്ക് 5 മാസം കൊണ്ടാണ് ശിൽപിയും സഹായികളും ചേർന്ന് നിർമിച്ചത്. മകൻ മനുപ്രസാദും രതീഷ് രാമന്തളി, ഗിരീഷ് ഞെക്ലി, മരുമക്കളായ ശശീന്ദ്രനും സജീന്ദ്രനും സഹായികളായി ഉണ്ടായിരുന്നു. കുട്ടിക്കാലം തൊട്ടുതന്നെ പിതാവിനൊപ്പം വെങ്കല ശിൽപ നിർമാണ രംഗത്തുണ്ട്.