വ്യാജവാറ്റ് വ്യാപകം: പരിശോധന വർധിപ്പിച്ചിട്ടും രക്ഷയില്ല
Mail This Article
പേരാവൂർ ∙ കോവിഡ് ലോക്ഡൗണിൽ മലയോരത്തെ പുഴയോരങ്ങളും തോടിന്റെ കരകളും കേന്ദ്രമാക്കി വ്യാജവാറ്റ് വ്യാപകമായതായി റിപ്പോർട്ടുകൾ. എക്സൈസ് വകുപ്പ് ചാരായ വേട്ട വ്യാപിപ്പിച്ചു. പുഴകളുടെയും തോടുകളുടെയും കരകളിൽ ആളൊഴിഞ്ഞ പ്രദേശങ്ങളിലും എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർക്ക് വേഗത്തിൽ എത്തിപ്പെടാൻ കഴിയാത്തതുമായ ഇടങ്ങളിലുമാണു മിക്ക വാറ്റു കേന്ദ്രങ്ങളും ഉണ്ടാക്കിയിട്ടുള്ളത്. കണിച്ചാർ ടൗണിൽ തന്നെയുള്ള തോടിന്റെ കരയിൽ വരെ ചാരായം വാറ്റു കേന്ദ്രം പ്രവർത്തിച്ചിരുന്നു.
വിൽപനയും നടത്തിയിരുന്നു. തുടർന്ന് എക്സൈസ് സ്ഥലം കണ്ടെത്തി കേസെടുത്തു. ഓടംതോട്ടിൽ ബാവലി പുഴയോരത്ത് നടത്തിയ റെയ്ഡിൽ മറ്റൊരു വലിയ വാറ്റു കേന്ദ്രവും കൂടി എക്സൈസ് വകുപ്പ് കഴിഞ്ഞ ദിവസം തകർത്തു. ഇവിടെ നിന്ന് 140 ലീറ്റർ വാഷ് കണ്ടെടുത്തു. കണിച്ചാർ ടൗണിൽ തോടിന്റെ കരയിൽ വാറ്റുകേന്ദ്രം നടത്തിയ രണ്ട് പേർക്ക് എതിരെയും ഓടംതോട്ടിൽ ബാവലി പുഴക്കരയിൽ വാറ്റു കേന്ദ്രം നടത്തിയ കേസിൽ ഒരാൾക്ക് എതിരെയും കേസെടുത്തു.
പുഴയോരത്തെ ആറ്റു വഞ്ചികൾക്ക് ഇടയിലും ഓട, മുള കൂട്ടങ്ങൾക്ക് ഇടയിലുമാണ് വാറ്റു കേന്ദ്രങ്ങൾ കണ്ടെത്തിയത്. വൻ തോതിലാണു മിക്കയിടത്തും വാറ്റ് നടക്കുന്നത്. പുറമേ നിന്ന് ആളുകൾ എത്തുന്നത് കൃത്യമായി കാണുന്ന സ്ഥലത്താണ് വാറ്റു കേന്ദ്രം ഉള്ളത് എന്നതിനാൽ തന്നെ എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തും മുൻപ് വാറ്റുകാർ കടന്നു കളയുകയാണു പതിവ്. എന്നാൽ വിവരങ്ങൾ അന്വേഷിച്ച് പ്രതികളെ കണ്ടെത്തുകയാണ് എക്സൈസ് ചെയ്യുന്നത്.
ടാർപോളിൻ ഷീറ്റുകൾ വലിച്ചു കെട്ടിയും മണ്ണിൽ കുഴികളുണ്ടാക്കി അതിൽ വാഷ് ശേഖരിച്ച് സൂക്ഷിച്ചുമാണ് വാറ്റ് നടത്തുന്നത്. കണിച്ചാറിലെ കേന്ദ്രത്തിൽ എൽപിജി ഉപയോഗിച്ചാണ് വാറ്റ് നടത്തിയിരുന്നത്. സിലിണ്ടറും സ്റ്റൗവും പിടികൂടിയിരുന്നു. ലീറ്ററിന് 1000 രൂപ വരെയാണ് ഇവയുടെ വില. ഇനം തിരിച്ച് വാറ്റി നൽകുന്ന പതിവും ഉണ്ട്. വില രണ്ടായിരം വരെ എത്തും. എല്ലാ സ്ഥലങ്ങളിലും പൊലീസ് പരിശോധന ഉണ്ടായിരിക്കുമ്പോഴും മദ്യക്കടത്തും നടക്കുന്നുണ്ട്. പൊലീസിനെ നിരീക്ഷിക്കാനും വാറ്റുകാർക്കു പ്രത്യേകം ആൾക്കാരുണ്ട്.