മനസിൽ വിചാരിക്കുന്ന കാര്യങ്ങൾ സ്റ്റീൽ ഗ്ലാസിനകത്തുള്ള പേപ്പറിൽ..; കോവിഡ് ബോധവൽക്കരണത്തിന് പൊലീസിന്റെ മാജിക്
![kannur-police-magic മട്ടന്നൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ടി.രാജീവൻ കോവിഡ് ബോധവൽക്കരണ മാജിക് അവതരിപ്പിക്കുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kannur/images/2021/5/31/kannur-police-magic.jpg?w=1120&h=583)
Mail This Article
മട്ടന്നൂർ ∙ ജാലവിദ്യയിലൂടെ കോവിഡ് ബോധവൽക്കരണ സന്ദേശം ജനങ്ങളിലെത്തിച്ച് പൊലീസുകാരൻ ശ്രദ്ധേയനാകുന്നു. മട്ടന്നൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ടി.രാജീവനാണ് ഒരാൾ മനസിൽ വിചാരിക്കുന്ന കാര്യങ്ങൾ സ്റ്റീൽ ഗ്ലാസിനകത്തുള്ള പേപ്പറിൽ എഴുതി വരുന്ന 'മൈൻഡ് റീഡിങ് ' മാജിക്ക് അവതരിപ്പിക്കുന്നത്. വീടുകളിൽ നിന്നുള്ള കോവിഡ് വ്യാപനം തടയുക എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. ഓൺലൈനിലൂടെയാണ് മാജിക് ഷോ ജനങ്ങളിലെത്തിക്കുന്നത്.
ഒഴിഞ്ഞ ബാഗിൽ നിന്ന് മാസ്കുകൾ പുറത്തെടുക്കുന്ന വിദ്യയും അവതരിപ്പിക്കാറുണ്ട്. ആളുകളെ പെട്ടെന്ന് ആകർഷിക്കാൻ മാജിക്ക് വഴി സാധിക്കുമെന്നതിനാലാണ് മഹാമാരിക്കെതിരായ ബോധവൽക്കരണത്തിന് ഈ മാർഗം തിരഞ്ഞെടുത്തതെന്ന് ടി.രാജീവൻ പറയുന്നു. കൗൺസലറായും സൈക്കോ തെറാപ്പിസ്റ്റായും പ്രവർത്തിക്കുന്ന രാജീവൻ മട്ടന്നൂർ സ്റ്റേഷനിലെ കോവിഡ് ക്വാറന്റീൻ ചെക്കിങ് ഓഫിസർ കൂടിയാണ്. വേങ്ങാട് സ്വദേശിയായ ഇദ്ദേഹം നേരത്തെ ഹിപ്നോ മാജിക് ട്രൂപ്പിലും പ്രവർത്തിച്ചിരുന്നു. മജീഷ്യൻ അശോക് കുമാറിൽ നിന്നാണ് മാജിക് അഭ്യസിച്ചത്. ലഹരിക്കെതിരെയും മറ്റുമുള്ള ബോധവൽക്കരണ ക്യാംപയിനുകളിലും പങ്കെടുക്കാറുണ്ട്.