ADVERTISEMENT

കേരളത്തിന്റെ ഒരേയൊരു ഒളിംപിക് മെഡൽ ജേതാവ് മാനുവൽ ഫ്രെഡറിക്, ആദ്യ മലയാളി ഒളിംപ്യൻ സി.കെ.ലക്ഷ്മണൻ അടക്കം 11 ഒളിംപിക് താരങ്ങൾ, സ്പെഷൽ ഒളിംപിക്സ് താരങ്ങളായ 10 പേർ, ആയിരത്തിലേറെ ദേശീയ താരങ്ങൾ, ആയിരത്തി അഞ്ഞൂറിലേറെ മെഡലുകൾ... കളം നിറഞ്ഞിരുന്ന കണ്ണൂരിൽ നിന്ന് പഴയപോലെ താരങ്ങളുണ്ടാകാത്തത് എന്തുകൊണ്ടാണ്? ഈ ചോദ്യത്തിന് ഉത്തരം തേടിയാലേ കണ്ണൂർ കാഴ്ചക്കാരായതിന്റെ ‌കാരണം മനസ്സിലാവൂ.

ഒരു കാലത്ത് മൈതാനങ്ങളുടെ നാടായിരുന്നു കണ്ണൂർ. വികസനത്തിന്റെ പേരിൽ വലുതും ചെറുതുമായ മൈതാനങ്ങൾ ഒന്നൊന്നായി കളിക്കാർക്ക് അന്യമായി. ജില്ലയിലെ 70 ശതമാനം സ്കൂളുകളിലും കളിസ്ഥലമില്ല. എല്ലാ വില്ലേജിലും കളിസ്ഥലമെന്ന സർക്കാർ പ്രഖ്യാപനവും നടപ്പായില്ല. മാനുവൽ ഫ്രെഡറിക്സിനെ വളർത്തിയ കോട്ടമൈതാനം പോലും ഇന്നു കളിക്കാർക്ക് അന്യമാണ്. കണ്ണൂരിന്റെ കായിക പാരമ്പര്യത്തിന്റെ അഭിമാനസ്തംഭമായ ജവാഹർ സ്റ്റേഡിയം കാലത്തിനൊത്ത് മാറിയില്ല. 

സ്പോർട്സ് ഡിവിഷൻ

രാജ്യത്ത് വനിതകൾക്കു മാത്രമുള്ള ആദ്യത്തെ കായിക വിദ്യാലയമാണ് കണ്ണൂർ സ്പോർട്സ് ഡിവിഷൻ. പി.ടി.ഉഷ അടക്കം ഒട്ടേറെ ലോകതാരങ്ങളെ സമ്മാനിച്ച സ്പോർട്സ് ഡിവിഷന്റെ മത്സരക്ഷമത ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുന്നു. സ്പോർട്സ് ഡിവിഷനു സ്വന്തം മൈതാനം വേണമെന്ന ആവശ്യത്തിനു നാലരപ്പതിറ്റാണ്ടിന്റെ പഴക്കം. പൊലീസ് പരേഡ് ഗ്രൗണ്ടിലാണ് നിലവിൽ ഇവർ പരിശീലിക്കുന്നത്. ബോക്സിങ്, ഗുസ്തി, തയ്ക്വാൻഡോ എന്നിവയുടെ പരിശീലനത്തിന് ഇൻഡോർ ഹാൾ ഇല്ലാത്തതും പരിമിതിയാണ്. 

ജവാഹർ സ്റ്റേഡിയം

കണ്ണൂരിലെ കായിക പാരമ്പര്യത്തിന്റെ പ്രധാന തെളിവ്. 35000 പേർക്ക് ഒരേ സമയം കളി കാണാം. ഫുട്ബോൾ മത്സരങ്ങൾക്കും പരിശീലനങ്ങൾക്കും മികച്ച മൈതാനം. സ്റ്റേഡിയം നവീകരിക്കാൻ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 12 കോടി രൂപ അനുവദിച്ചെങ്കിലും പ്രവൃത്തി നടന്നില്ല. സ്റ്റേഡിയം ഉടമകളായ കോർപറേഷനും പദ്ധതി നടത്തിപ്പുകാരായ സ്പോർട്സ് കൗൺസിലും തമ്മിലുള്ള തർക്കമാണു കാരണം.

പണം ചെലവാക്കിയാൽ സ്റ്റേഡിയം വിട്ടുതരണമെന്നു സ്പോർട്സ് കൗൺസിൽ. 12 കോടി രൂപയ്ക്കു വേണ്ടി 600 കോടി രൂപയുടെ ആസ്തി വിട്ടു തരാനാകില്ലെന്നു കോർപറേഷൻ. ഒടുവിൽ സ്വന്തം നിലയ്ക്കു മൈതാനം നവീകരിക്കാനുള്ള ശ്രമത്തിലാണു കോർപറേഷൻ. തലശ്ശേരി മുനിസിപ്പൽ ജവാഹർ സ്റ്റേഡിയത്തിലെ പ്ലേയിങ് ഏരിയയിൽ പുല്ല് പിടിപ്പിക്കാനും സിന്തറ്റിക് ട്രാക്കിനുമായി ചെലവിട്ടത് 4 കോടി രൂപയാണ്. ഇപ്പോൾ അവിടെ പുല്ലുപോലുമില്ല.

2017-18 സംസ്ഥാന ബജറ്റിൽ കായിക സമുച്ചയത്തിന് 16 കോടി വകയിരുത്തി. നല്ലൊരു കാറ്റടിച്ചാൽ വീഴാവുന്ന ബാസ്ക്കറ്റ് ബോൾ ഇൻഡോർ കോർട്ട് മാത്രമാണ് ഇപ്പോഴും അവിടെയുള്ളത്.  പടിയൂരിൽ സ്പോർട്സ് കോംപ്ലക്സ് നിർമിക്കാനായി 20 ഹെക്ടർ ഭൂമി കണ്ടെത്തിയിരുന്നു. ഹോസ്റ്റൽ, വോളിബോൾ, ബാസ്കറ്റ്ബോൾ, ബോക്സിങ് പരിശീലനങ്ങൾക്ക് ഇൻഡോർ സ്റ്റേഡിയങ്ങൾ, ആധുനിക ജിംനേഷ്യം, നീന്തൽക്കുളം, ഫുട്ബോൾ സ്റ്റേഡിയം എന്നിവയാണു ലക്ഷ്യമിട്ടത്.

പായം പഞ്ചായത്തിലെ മാടത്തി പഴശ്ശി പദ്ധതി പ്രദേശത്ത് 6 കോടി രൂപ ചെലവിൽ നിർമിക്കുന്ന സ്റ്റേഡിയത്തിന് രണ്ടു വർഷം മുൻപാണ് സ്ഥലം എടുത്തത്. ഭൂമി നിരപ്പാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതേയുള്ളൂ. കക്കാട് നീന്തൽ കുളത്തിനായി ഇതുവരെ എത്ര ലക്ഷം രൂപ ചെലവിട്ടു എന്നു ചോദിച്ചാൽ ആർക്കും ഉത്തരമുണ്ടാവില്ല. മയ്യിൽ പഞ്ചായത്തിലെ കോറളായി തുരുത്തിലുണ്ടായിരുന്ന ഏക കളിസ്ഥലം കാലവർഷത്തിൽ പുഴയെടുത്തു.

കൊളച്ചേരി പഞ്ചായത്തിനോടു ചേർന്നു മിനി സ്റ്റേഡിയം ഉണ്ടെങ്കിലും മഴക്കാലത്തു ചെളിയും മലിനജലവും കെട്ടി നിൽക്കുന്നതിനാൽ പരിശീലനം നടക്കില്ല. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ ചട്ടുകപ്പാറയിലെ മിനി സ്റ്റേഡിയത്തിന്റെ അവസ്ഥയും ഇതു തന്നെ. മയ്യിൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനി വർഷങ്ങൾക്കു മുൻപു ലക്ഷങ്ങൾ ചെലവിട്ടു പുല്ലു പിടിപ്പിച്ചിരുന്നു. എന്നാൽ പരിപാലനമില്ലാത്തതിനാൽ പുല്ലു കരിഞ്ഞുണങ്ങി. 

മുണ്ടയാട് സ്റ്റേഡിയം

ആകെ 16 ഏക്കർ സ്ഥലം. ഇപ്പോൾ നിലവിൽ ഇൻഡോർ സ്റ്റേഡിയം, ടെന്നിസ് കോർട്ട്, പാർക്കിങ് അടക്കം ഉപയോഗപ്പെടുത്തിയിരിക്കുന്നത് 8 ഏക്കർ. ബാക്കി സ്ഥലം ഉപയോഗിക്കാതെ കാടുപിടിച്ചു കിടക്കുന്നു. ശേഷിക്കുന്ന ഭാഗം കൂടി ഉൾപ്പെടുത്തി സ്പോർട്സ് കോംപ്ലക്സ് സജ്ജമാക്കാൻ കിഫ്ബി വഴി 42 കോടി രൂപ അനുവദിച്ചത് 2017ലാണ്. നിർമാണം തുടങ്ങിയിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com